അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്റെ പ്രചാരണം ഡിസംബർ 3 ന് വൈകിട്ടോടെ അവസാനിച്ചു. 182 മണ്ഡലങ്ങളില്‍ 93 എണ്ണത്തിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും.രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന് നടക്കും. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 1 ന് നടന്നു. 63.31 ശതമാനം പോളിങ്ങാണ് ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.ഭരണ കക്ഷിയായ ബിജെപി, പ്രതിപക്ഷമായ കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എഎപി), സ്വതന്ത്രര്‍ എന്നിവയുള്‍പ്പടെ 60 ഓളം രാഷ്ട്രീയ പാര്‍ട്ടികളുടെ 833 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നേരിടുന്നത്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍ എന്നിവയുള്‍പ്പടെ വടക്കന്‍, മധ്യ ഗുജറാത്തിലെ 14 ജില്ലകളിലെ 93 നിയമസഭ മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന്റെ ഘട്ലോഡിയ മണ്ഡലം, പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന വിരാംഗം മണ്ഡലം, അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗാന്ധിനഗര്‍ സൗത്ത് എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങള്‍. ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 1, 2 തീയതികളില്‍ അഹമ്മദാബാദില്‍ റോഡ് ഷോകളില്‍ പങ്കെടുത്തിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട പ്രചാരണം അവസാനിച്ചു, അഞ്ചിന് വോട്ടെടുപ്പ്
