ഷിംല മുതല്‍ സൂറത്ത് വരെ: നഗരവാസികള്‍ വോട്ടുചെയ്യാനെത്തുന്നില്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്കയില്‍

ഗുജറാത്ത്: നഗരവാസികള്‍ വോട്ട് ചെയ്യാനെത്താതില്‍ ആശങ്ക പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഷിംല മുതല്‍ സൂറത്ത് വരെയുള്ള സിറ്റികളില്‍ വോട്ട് ചെയ്യാന്‍ ആളുകളെത്തുന്നതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ പേര്‍ വോട്ട് ചെയ്യാന്‍ എത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ഥിച്ചു. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് ശതമാനം കുറവായതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്യാന്‍ എത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്.ഡിസംബര്‍ അഞ്ചിനാണ് ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സൂറത്ത്, രാജ്‌കോട്ട്, ജാംനഗര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 2017 നേക്കാള്‍ കുറവായിരുന്നു. ഷിംലയിലെ ഗ്രാമപ്രദേശങ്ങളില്‍ 62.53 ശതമാനം മാത്രമായിരുന്നു ഇത്തവണ പോളിംഗ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ 13 ശതമാനം കുറവായിരുന്നു.

2017ല്‍ 75 ശതമാനം വോട്ട് രേഖപ്പെടുത്തിയിടത്താണ് ഇത്തവണ കുറവ് ഉണ്ടായതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ എല്ലാ ജനങ്ങളുമെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് കമ്മീഷന്‍ അഭ്യര്‍ഥിച്ചു. 2017ലെ ശതമാനത്തെ മറികടക്കാന്‍ കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് രേഖപ്പെടുത്താന്‍ എത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.എന്നാല്‍,ഒന്നാംഘട്ട വോട്ടെടുപ്പില്‍ ആദിവാസി മേഖലകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഛോട്ടു വാസവയില്‍ 78 ശതമാനം വോട്ടിങ് ആണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോര്‍ബന്ദറില്‍ ആയിരുന്നു. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍ തുടങ്ങി 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Share
അഭിപ്രായം എഴുതാം