തലശേരി ഇരട്ടക്കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

തലശേരി: ഇരട്ടക്കൊലപാതക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. റിമാന്‍ഡിലുള്ള മുഖ്യപ്രതി നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേശ്ബാബു എന്ന പാറായി ബാബു (47), നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്ങല്‍വീട്ടില്‍ ജാക്‌സണ്‍ വില്‍സെന്റ് (28), വടക്കുമ്പാട് പാറക്കെട്ടില്‍ മുഹമ്മദ് ഫര്‍ഹാന്‍ അബ്ദുല്‍സത്താര്‍ (29), പിണറായി പടന്നക്കരയിലെ വാഴയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍ (45), നെട്ടൂര്‍ വണ്ണത്താവീട്ടില്‍ നവീന്‍ (32) എന്നിവര്‍ക്കായാണ് അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എ.സി.പി കെ.വി ബാബു അപേക്ഷ നല്‍കിയത്. നേരത്തെ കേസിലെ ആറ്, ഏഴ് പ്രതികളായ അരുണ്‍കുമാറിനെയും ഇ.കെ സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് ഇരുവരും. കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും. കഴിഞ്ഞ 23ന് തലശേരി വീനസ് കവലയിലായിരുന്നു നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ. ഖാലിദ് (52), സഹോദരി ഭര്‍ത്താവ് പൂവനാഴി ഷമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →