സന്തോഷിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍

ഇരിട്ടി: അടയ്ക്കാത്തോട്ടിലെ പുലിയിളക്കല്‍ സന്തോഷിന്റെ ദുരൂഹമരണം വിവാദമാകുന്നു. സന്തോഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുവീട്ടില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെ സന്തോഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റതെന്നു സംശയിക്കുന്ന പരുക്കേറ്റ പാടുകളുണ്ട്. ഇതുകൂടാതെ മൃതദേഹത്തിലെ കാലുകളില്‍നിന്നു ചെരുപ്പുകള്‍ അഴിഞ്ഞുപോകാത്തതും പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ താഴെവീഴാത്തതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി കേളകം പ്രസ്‌ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാര്യ സുദിന സന്തോഷ് ആരോപിച്ചു.

27/11/2022 ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് വെണ്ടേക്കും ചാല്‍ ശാന്തിഗിരി റോഡിനു സമീപം സന്തോഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രി കാടുവെട്ടല്‍യന്ത്രം നന്നാക്കി കേളകത്തു നിന്ന് അടയ്ക്കാത്തോട്ടിലെ വീട്ടിലേക്കുവരുന്ന വഴി പാറത്തോട്ടില്‍ വച്ച് ഒരു സംഘമാളുകള്‍ തന്നെ മര്‍ദ്ദിച്ചതായി സന്താഷ് വീട്ടുകാരോടു പറഞ്ഞിരുന്നു. റോഡില്‍ വഴിയാത്രക്കാര്‍ക്കു തടസമായി ഇരുന്നവരോടു മാറാന്‍ സന്തോഷ് ആവശ്യപ്പെട്ടിരുന്നു. മാറാത്തതിനെത്തുടര്‍ന്ന് ഇവരെ ചീത്ത വിളിച്ചതാണു മര്‍ദ്ദനകാരണമായി സന്തോഷ് പറഞ്ഞത്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ജോബിന്‍സടക്കം അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നു സന്തോഷ് പറഞ്ഞിരുന്നതായി ഭാര്യ ആരോപിച്ചു.പോലിസില്‍ പരാതിപ്പെട്ടാല്‍ തിക്തഫലം അനുഭവിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും സുദിന പറയുന്നു. അക്രമത്തില്‍ സന്തോഷിന്റെ കണ്ണുകള്‍ക്കു സാരമായി പരുക്കേറ്റിരുന്നു. മറ്റു പരുക്കുകളൊന്നും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ശനിയാഴ്ച രാവിലെ മരുന്ന് വാങ്ങാനായി കേളകത്തേക്കുപോയ സന്തോഷ് പിന്നീട് തിരികെ വീട്ടിലെത്തിയിട്ടില്ല. ഇതിനിടെപലരും ഒത്തുതീര്‍പ്പിനായി വിളിച്ചിരുന്നുവെന്നും തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാന്‍ ഒരു സംഘം ശ്രമിച്ചതായും സന്തോഷ് പറഞ്ഞതായി ഭാര്യ സുദിന പറയുന്നു.

26/11/2022 ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ സന്തോഷ് ഫോണില്‍ സംസാരിച്ചുവെന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു. രാത്രിയോടെ സന്തോഷിനെ കാണാതായതിനെത്തുടര്‍ന്ന് കേളകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയും നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്.

യാതൊരുകാരണവാശാലും ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്നും വെള്ളിയാഴ്ച്ച മര്‍ദ്ദിച്ച സംഘം തന്നെ ശനിയാഴ്ച്ച വീണ്ടും മര്‍ദ്ദിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നാണു ഭാര്യയും ബന്ധുക്കളും ആരോപിക്കുന്നത്.ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സന്തോഷിന്റെ മരണത്തിലൂടെ നഷ്ടപ്പെട്ടത്. സന്തോഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും കുറ്റാക്കര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതായി ബന്ധുക്കളും നാട്ടുകാരുമായ കെ.വി. ബിനു, പി.എന്‍. സനീഷ്, എസ്.സി. ഷിനി എന്നിവര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം