സർക്കാരിന്റെ അനാവശ്യമായ വാശിയാണ് സാങ്കേതിക സർവകലാശാലയിൽ അനിശ്ചിതത്വമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ

കൊച്ചി: സർക്കാരും ഗവർണറും ഒന്നിച്ച് ചെയ്ത തെറ്റുകളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകർത്ത് തരിപ്പണമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാങ്കേതിക സർവകലാശാല വി സി ചുമതല ഡോ. സിസ തോമസിനു നൽകിയ ചാൻസലറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ. പ്രതിപക്ഷ നിലപാടിന്റെ വിജയവും സർവകലാശാലകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഓരോ ഘട്ടത്തിലും സ്വീകരിച്ച നിലപാടുകൾക്കുള്ള അംഗീകാരവുമാണ് ഹൈക്കോടതി തീരുമാനമെന്നും, അന്ന് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് കോടതി ഇന്ന് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നശിക്കുന്നത് കുട്ടികളുടെ ഭാവിയും വിദ്യാഭ്യാസരംഗവുമാണ്.

സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ താൽക്കാലിക സംവിധാനമുണ്ടാക്കി കുട്ടികളുടെ ഭാവി അപകടത്തിലാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് സർക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാൽ ഡിജിറ്റൽ സർവകലാശാല വി.സിക്ക് താൽക്കാലിക ചുമതല നൽകിയത് ഉൾപ്പെടെ സർക്കാർ നടത്തിയ നീക്കങ്ങളൊക്കെ അപ്രായോഗികമായിരുന്നു. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാ അക്കാദമിക് യോഗ്യതയുമുള്ള സിസ തോമസിന് ചാൻസലർ താൽക്കാലിക ചുമതല നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

വി.സിയെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ നിസഹകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിന്റെ ദോഷമുണ്ടായത് കുട്ടികൾക്കാണ്. ജോലി ലഭിച്ചിട്ടും ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാനാകാത്ത നിരാശയിൽ കുട്ടികളും രക്ഷിതാക്കളും നിൽക്കുമ്പോഴും താൽക്കാലിക വി.സിയെ എസ്.എഫ്.ഐക്കാരെയും യൂണിയൻ നേതാക്കളെയും ഉപയോഗിച്ച് തടയുകയുകയാണ് സർക്കാർ ചെയ്തത്. ഒപ്പിടാനുള്ള ഫയലുകൾ പോലും വി.സിക്ക് നൽകിയില്ല. സർക്കാരിന്റെ അനാവശ്യമായ ഈ വാശിയാണ് സാങ്കേതിക സർവകലാശാലയിൽ അനിശ്ചിതത്വമുണ്ടാക്കിയതെന്നും സതീശൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →