അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ.

കൊച്ചി: യു.എ.പി.എ. കേസില്‍ അലന്‍ ഷുെഹെബിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ. ഹര്‍ജി സമര്‍പ്പിച്ചു. കേരളാ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയെ സമീപിച്ചത്. പാലയാട് കാമ്പസില്‍ നിയമവിദ്യാര്‍ഥിയായിരുന്ന അലന്‍, ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്നാരോപിച്ച് ധര്‍മ്മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി എന്‍.ഐ.എ. വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പോലീസ് റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ നടപടി.

അലനെ നിരീക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന പന്നിയങ്കര എസ്.എച്ച്.ഒ. ശംഭുനാഥാണ് എന്‍.ഐ.എ. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസ് കൂടാതെ അലന്‍ സാമൂഹികമാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലുകളും എന്‍.ഐ.എ. ചൂണ്ടിക്കാട്ടുന്നുണ്ട്. റോണാ വില്‍സണ്‍, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള അലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണെന്ന് കേരളാ പോലീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റ് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ എന്‍.കെ. ഇബ്രാഹിം എന്ന വ്യക്തിക്കൊപ്പമുള്ള ചിത്രവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ മറ്റു കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യരുതെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന് എന്‍.ഐ.എ. വ്യക്തമാക്കി.

കണ്ണൂര്‍ പാലയാട് ലോ കോളേജ് കാമ്പസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍ ധര്‍മ്മടം പോലീസ് അലനെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ റാഗ് ചെയ്‌തെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Share
അഭിപ്രായം എഴുതാം