സംസ്ഥാനത്തെ ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന കാരണം കൊണ്ടു മാത്രം സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

ഡൽഹി: സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും.സംസ്ഥാനത്തെ ഭരണകക്ഷിയുമായി ബന്ധമുള്ള കേസെന്ന കാരണം കൊണ്ടു മാത്രം വിചാരണ ബംഗളൂരുവിലേക്ക് മാറ്റുകയെന്ന ആവശ്യം അംഗീകരിക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിലെ മുഴുവൻ പ്രതികളുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹർജി പ്രാഥമിക ഘട്ടത്തിലേ തള്ളിക്കളയണമെന്ന, സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

അസാധാരണമായ കേസാണെങ്കിൽ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ അനുവദിക്കൂ. ഭരണകക്ഷിയുമായി ബന്ധമുള്ള കേസെന്ന കാരണം കൊണ്ട് മാത്രം വിചാരണ മാറ്റിയാൽ സമാനമായ ഹർജികളുടെ പ്രളയമുണ്ടാകും.ജുഡിഷ്യറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

കേസ് അസാധാരണമാണെന്ന് ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. വിചാരണക്കോടതി നടപടികളുടെ പുരോഗതി വിലയിരുത്തിയ ശേഷം വിശദമായ വാദം കേൾക്കുന്ന തീയതി അറിയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.കേരള സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി.യു. സിംഗ്, സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശി,കേസിൽ തടസ ഹർജി നൽകിയ എം. ശിവശങ്കറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ ശെൽവിൻ രാജ, മനു ശ്രീനാഥ് എന്നിവർ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →