ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചാനിക്കാട് ആരംഭിക്കുന്ന ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷന്‍ സെന്ററിന്റെ (ബിഐഎംഇആർ)
ഉദ്ഘാടനം നവംബർ 24ന് വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. ബെന്നി ബഹനാൻ എം. പി മുഖ്യാതിഥിയാകും.ചടങ്ങിൽ റോജി. എം.ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും,അൻവർ സാദത്ത് എം.എൽ.എ ലോഗോ പ്രകാശനം നിർവഹിക്കും
കല്ലേറ്റുംകരയില്‍ സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ (എന്‍ഐപിഎംഇആര്‍) സാറ്റലൈറ്റ് സെന്ററായാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. ഇവിടെ നിന്നുള്ള വിദഗ്ധരുടെ സേവനം റിഹാബിലിറ്റേഷന്‍ സെന്ററില്‍ ലഭ്യമാകും. ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും. തെറാപ്പി ചികിത്സകള്‍ക്കാവശ്യമായ ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത – വൃദ്ധസദനമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് നവീകരിച്ച് റീഹാബിലിറ്റേഷന്‍ സെന്ററാക്കി മാറ്റിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ,അനിമോൾ ബേബി,അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യു, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസി കുട്ടി,വൈസ് പ്രസിഡന്റ് എം.ഒ ജോർജ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.