കൊച്ചി:നാനൂറ്റമ്പത്തേഴുകോടി രൂപയുടെ ലിസ് നിക്ഷേപത്തട്ടിപ്പ് കേസിന്റെ വിചാരണ 10 മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിലെ ഒന്നാംപ്രതിയും മാനേജിങ് ട്രസ്‌റ്റിയുമായ പാലക്കൽവീട്ടിൽ കുര്യാച്ചൻ ചാക്കോ അടക്കം ഒമ്പതുപേർ നൽകിയ രണ്ട് ഹർജികളിലായാണ് ഉത്തരവ്. കൊച്ചി നാർകോട്ടിക് സെൽ അസിസ്‌റ്റന്റ് കമീഷണറായിരുന്ന പി എം ജോസഫ് സാജുവിന് തുടരന്വേഷണം നടത്താൻ അധികാരമില്ലെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
എന്നാൽ, തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, 10 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിക്ക് നിർദേശം നൽകി. 10 വർഷംമുമ്പ് നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. അച്ചാമ്മ ചാക്കോ, ലിനു ജോയി, പി വി ചാക്കോ, സി ജി റനീഷ്, വിനോദ് വി ലൂക്ക, സുശീൽ ജോസഫ് എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ.
നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കുമെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. 2005ൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ, തുടരന്വേഷണത്തിനുശേഷം രണ്ടുപേരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും 2012ൽ ഒമ്പതു പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. തങ്ങൾ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നൽകാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും പ്രതികൾ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണ് കേസ്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതോടെ കേസിന്റെ വിചാരണ നിർത്തിവച്ചു.



