മലപ്പുറം: പൊന്നാനി ഹാര്‍ബറിനു സമീപം കാന നിര്‍മാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തുവകുപ്പ് ഖനന നടപടികള്‍ ആരംഭിച്ചു. കര്മ്മപാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുതുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ആര്‍ച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്. പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ആര്ച്ചാണു നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് നൂറു വര്‍ഷത്തിനടുത്ത് പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. അടിത്തറയിലെ മണ്ണ് പൂര്‍ണമായി നീക്കി ഖനനം നടത്തിയാല്‍ മാത്രമേ, കണ്ടെത്തിയ ആര്‍ച്ചിന്റെയും ഗുഹയുടെയും യഥാര്‍ത്ഥ വസ്തുത ലഭിക്കൂവെന്നതിനാലാണ് ഖനനം ആരംഭിച്ചത്.
കോഴിക്കോട് പഴശിരാജ മ്യൂസിയം ഇന്‍ ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ മേല്‍നോട്ടത്തില്‍ രണ്ട് ഉദ്യോഗസ്ഥരും ആറ് തൊഴിലാളികളാണു ഖനനം നടത്തുന്നത്.ആദ്യഘട്ടത്തില്‍ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിനു താഴെ എത്ര ആര്ച്ചുകളുണ്ടെന്നു കണ്ടെത്തും. തുടര്‍ന്ന് ഒരു ആര്‍ച്ചില്‍ മാത്രം പൂര്‍ണമായും ഖനനം നടത്തി ഗുഹയായിരുന്നോ, അല്ലെങ്കില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമായിരുന്നോ എന്ന് മനസിലാക്കും. രണ്ടാഴ്ചയോളം ഖനന നടപടികള്‍ നടക്കും. തുടര്‍ന്ന് ഇവിടെ നിന്നുള്ള കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട് പുരാവസ്തു ഡയറക്ടര്‍ക്ക് കൈമാറും. പി. നന്ദകുമാര്‍ എം.എല്‍.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഖനനം നടത്തുന്നത്.

