‘വികസനത്തിന് കായികം’ പദ്ധതിക്ക് തുടക്കമായി

ചൈല്‍ഡ് ലൈനും യൂണിസെഫും സംയുക്തമായി നടത്തുന്ന ‘വികസനത്തിന് കായികം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം സെന്റ് ബെഹനന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് നിര്‍വഹിച്ചു. കായിക വിനോദങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നത് വഴി ലഹരിയുടെയും സമൂഹമാധ്യമങ്ങളുടെയും ചതിക്കുഴിയില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കുട്ടികളോടൊപ്പം പൊതുസമൂഹവും ബോധവാന്മാരാകണമെന്നും കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുവാന്‍ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്നും ചെയര്‍മാന്‍ പറഞ്ഞു. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. സാമുവല്‍ വിളയില്‍ അധ്യക്ഷത വഹിച്ചു.

ചൈല്‍ഡ് ലൈന്‍ നടത്തുന്ന സേ ദോസ്തി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷം വികസനത്തിന് കായികം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ്‌കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും നല്‍കും. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സൗമ്യ ജോബി സ്പോര്‍ട്സ് കിറ്റും ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്തു.
കോയിപ്രം സബ് ഇന്‍സ്പെക്ടര്‍ മധു ശിശുദിന സന്ദേശം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിന്‍സി തോമസ്, ഷിജു പി. കുരുവിള, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് എബ്രഹാം, ഹെഡ്മാസ്റ്റര്‍ സന്തോഷ് വി. മാത്യു, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയല്‍, സ്റ്റാഫ് സെക്രട്ടറി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രതിജ്ഞയും നടന്നു. ശിശുദിന റാലിയും യുപി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വിവിധ കായിക പരിപാടികളും സംഘടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →