ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിയമനം കൈപ്പറ്റുന്നതിനോട് എതിരല്ലെങ്കില്‍ കൂടി രാജ്യസഭാസീറ്റും ഗവര്‍ണര്‍ സ്ഥാനവും സ്വീകരിക്കില്ലെന്ന് റിട്ട. ചീഫ് ജസ്റ്റിസ് യു.യു. ലളിത്. രണ്ടും പദവിയില്‍ കുറവല്ല. പക്ഷേ, ചീഫ് ജസ്റ്റിസ് പദവിക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സര്‍ക്കാര്‍ പദവി സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് യു.യു. ലളിതിന്റെ മറുപടി. ”ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്നതിനാല്‍ രാജ്യസഭയിലേക്കുള്ള നോമിനിയാകാനോ ഗവര്‍ണറാകാനോ ഞാനില്ല. അത് വ്യക്തിപരമായ കാഴ്ചപ്പാടാണ്. മറ്റുള്ളവര്‍ ആ വഴിക്കു പോയത് തെറ്റാണെന്ന അഭിപ്രായവുമില്ല”- മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.
സര്‍ക്കാരില്‍ നിന്നു ക്ഷണം കിട്ടിയാലും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, ലോക്പാല്‍, ലോ കമ്മിഷന്‍ ചീഫ് തുടങ്ങിയ പദവികള്‍ ഏറ്റെടുക്കാനില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമം അതിനൊക്കെ അനുമതി നല്‍കുമ്പോള്‍തന്നെ.- യു.യു. ലളിതിന്റെ പ്രതികരണം ഇങ്ങനെ.
നിയമാധ്യാപനമാണ് ഭാവിലക്ഷ്യമെന്നും യു.യു. ലളിത് പറഞ്ഞു. ഒരുപക്ഷേ, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍. അതല്ലെങ്കില്‍, ഏതെങ്കിലുമൊരു ലോ സ്‌കൂളില്‍ വിസിറ്റിങ് പ്രഫസറായി- അദ്ദേഹം തുടര്‍ന്നു.