ദളിത് കുടുംബത്തെ മർദ്ദിച്ചസംഭവത്തിൽ പട്ടികജാതി – പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കാതെ അടിപിടിക്കു മാത്രം കേസെടുത്ത് മുഖം രക്ഷിക്കാൻ പൊലീസിന്റെ ശ്രമം. അതും 20 ദിവസത്തിനുശേഷം മാത്രം

പാലക്കാട്: പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മർദ്ദിച്ചെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. പരാതി നൽകി 20 ദിവസത്തിന് ശേഷമാണ് നടപടി.എന്നാൽ ജാതീയമായി അധിക്ഷേപിച്ചെന്ന മണികണ്ഠന്റെ പരാതി പരിഗണിക്കാതെ അടിപിടിക്ക് മാത്രമാണ് കേസ് എടുത്തിരിക്കുന്നത്.

2022 ഒക്ടോബർ മാസം 23-ന് ദീപാവലിയുടെ തലേരാത്രി മണികണ്Oനും കുടുംബവും വീട്ടുമുറ്റതും തൊട്ടു മുന്നിലെ റോഡിലുമായി പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അയൽവാസി റഹ്മത്തുള്ളയും മകനും ചേർന്ന് മണികണ്ഠനയെയും അമ്മ വേശയെയും മർദ്ദിക്കുകയായിരുന്നു. നെഞ്ചിന് ചവിട്ടേറ്റ വേശ കിടപ്പിലായി. മണികണ്ഠൻ പരാതി നൽകിയിട്ടും തുടക്കത്തിൽ പൊലീസ് ചെറുവിരലനക്കിയില്ല. പിന്നീട് മാദ്ധ്യമ വാർത്തയെ തുടർന്ന് 2022 നവംബർ 12ന് പൊലീസ് മണികണ്ഠന്റെ വീട്ടിലെത്തി. മണികണ്ഠൻ്റെയും അമ്മയുടെയും മൊഴി എടുത്തു. ഇരുവരുടെയും ചികിത്സാ രേഖകളും പൊലീസ് ശേഖരിച്ചു.

എന്നാൽ ജാതീയമായി അധിക്ഷേപിച്ചു കൊണ്ട് മർദ്ദിച്ചുവെന്ന മണികണ്ഠന്റെ പരാതി പൊലീസ് ഗൗരവമായി എടുത്തിട്ടില്ല. പട്ടികജാതി – പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കാതെ അടിപിടിക്കു മാത്രം കേസെടുത്ത് മുഖം രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമം. മണികണ്ഠനും പ്രതിയായ റഹ്മത്തുള്ളയും സിഐടിയു തൊഴിലാളികളാണ്. അതു കൊണ്ടു തന്നെ പരാതിക്ക് വലിയ ഗൗരവം കൊടുക്കേണ്ടതില്ലെന്ന നിർദേശമാണ് പ്രാദേശിക സി പി എം നേതൃത്വം നൽകിയതെന്നാണ് സൂചന. മർദ്ദനമേറ്റ മണികണ്ഠന്റെ അമ്മയ്ക്ക് ഇനിയും 6 മാസമെങ്കിലും ചികിത്സിച്ചാലേ എഴുന്നേറ്റ് നടക്കാനാകൂ. മണികണ്ഠന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. പരിക്ക് കാരണം പണിക്ക് പോകാനാകാത്ത സ്ഥിതിയാണ് മണികണ്ഠൻ. വരും ദിവസങ്ങളിൽ തുടർ അന്വേഷണം നടത്തി ആവശ്യമെങ്കിൽ കൂടുതൽ വകുപ്പ് ചുമത്തുമെന്നാണ് പൊലീസിന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →