ചെങ്ങന്നൂര്‍: പാണ്ടനാട് നടത്തിയ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിന്റെ സമാപന ചടങ്ങില്‍ വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ സജി ചെറിയാന് എം.എല്‍.എ. മോശം പദപ്രയോഗം നടത്തിയെന്ന് പ്രചരണം.
വള്ളംകളിയോടനുബന്ധിച്ച് ചെങ്ങന്നൂര്‍പ്പെരുമയുടെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് ഗ്രാമപഞ്ചായത്താണ്. സമ്മാനം നല്‍കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വേദിയിലേക്ക് വിളിക്കുമ്പോഴായിരുന്നു സംഭവം. ഒന്നിലേറെ തവണ സജി ചെറിയാന് പ്രസിഡന്റ് പ്രസന്ന രമേശിനെ വേദിയിലേക്കു വിളിച്ചു. എന്നിട്ടും വേദിയിലേക്ക് വരാതിരുന്ന പ്രസിഡന്റിനെ മൈക്കിലൂടെ ശബ്ദം താഴ്ത്തി മോശം പദപ്രയോഗം നടത്തിയെന്നാണ് പ്രചാരണം.
ഇതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമാണെന്ന് എം.എല്‍.എ. പ്രതികരിച്ചു. അതില്‍ വീഡിയോ ഇല്ലെന്നും ആ ശബ്ദസന്ദേശത്തില്‍ മോശം പദപ്രയോഗം വരുന്ന ഭാഗം വ്യാജമായി കൂട്ടി ചേര്‍ത്തതാണെന്നും പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ കുപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടികള്‍ നല്ല രീതിയില്‍ നടന്നതിലുള്ള അസ്വസ്ഥതയും ഇതിലുണ്ടെന്ന് സജി ചെറിയാന് പറഞ്ഞു. എം.എല്‍.എ. തന്നെപ്പറ്റി മോശം പദപ്രയോഗം നടത്തുമെന്ന് തോന്നുന്നില്ലെന്ന് ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് പ്രതികരിച്ചു. എം.എല്‍.എ. മോശമായി പറഞ്ഞത് കേട്ടില്ല. പമ്പാനദിയില്‍ ജങ്കാറിലായിരുന്നു സമ്മാനവേദി. അവിടേക്ക് ക്ഷണിച്ചപ്പോള്‍ താന്‍ മറ്റൊരു ജങ്കാറിലായിരുന്നു. തന്നെ ക്ഷണിച്ചത് െവെകിയാണ് അറിഞ്ഞതെന്നും അവര്‍ പ്രതികരിച്ചു.

