ബംഗളുരു: കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ കോടതി ഉത്തരവ്. ഭാരത് ജോഡോ യാത്രയ്ക്കിടെ അനുമതിയില്ലാതെ സിനിമാഗാനം ഉപയോഗിച്ചതിന് രജിസ്റ്റര്‍ചെയ്ത പകര്‍പ്പവകാശ ലംഘനക്കേസിലാണ് നടപടി.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞമാസം കര്‍ണാടകയിലൂടെ സഞ്ചരിക്കുന്നതിനിടെ കെ.ജി.എഫ്-2 സിനിമയിലെ ഗാനം നിയമവിരുദ്ധമായി ഉപയോഗിച്ചതിന് സംഗീതസ്ഥാപനമായ എം.ആര്.ടി. മ്യൂസിക്സാണ് പരാതിയുമായി രംഗത്തെത്തിയത്.
യാത്രയുടെ പ്രചാരണ വീഡിയോയില്‍ കെ.ജി.എഫ്-2 ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന് മ്യൂസിക് കമ്പനി മാനേജര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്നു വ്യക്തമാക്കി ബംഗളുരുവിലെ കോടതി കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്ര പ്രചാരണത്തിനുമുള്ള ട്വിറ്റര്‍ ഹാന്‍ഡില്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

