പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി മധു മരിച്ചത് പോലീസ് കസ്റ്റഡിയിലാണെങ്കിലും കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്. കസ്റ്റഡിയിൽ വെച്ച് മധുവിന് മർദ്ദനമേറ്റതായി തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പോലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനിലയിലായിരുന്നു. മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചത് മൂന്നു പോലീസുകാരാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോർജ് എന്നിവരാണ് രണ്ടു റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ഇരുവരുടേയും മൊഴി കോടതി രേഖപ്പെടുത്തും.
നാലു വർഷം മുൻപ് നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ട് കേസ് ഫയലിൽ ചേർത്തിട്ടില്ലെന്നും അത് ഫയലിൽ ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തുടർന്നാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്

