ഹൈദഹാബാദ്: ഹാഷിഷ് ഓയിൽ ചേർത്ത ചോക്ലേറ്റ് വിൽപ്പന നടത്തിയ കേസിൽ എം ബി എ വിദ്യാർത്ഥിയും ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയുടെ മകനുമായ റിഷി സഞ്ജയ് മേത്ത (22) അറസ്റ്റിൽ .നർസിംഗി സ്വദേശിയാണ് റിഷി സഞ്ജയ്. 48 ചോക്ലേറ്റ് ബാറുകളും 40 ഗ്രാം ഹാഷ് ഓയിലും സഞ്ജയ്‍യിൽ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് കലർന്ന ചോക്ലേറ്റുകൾക്കായി റിഷി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഓർഡറുകൾ സ്വീകരിക്കാറുണ്ടായിരുന്നു.
ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. ഇതിന് ശേഷം ഡെലിവറി ചെയ്തിരുന്നുവെന്നും ഹൈദരാബാദ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും മുഷീറാബാദ് പൊലീസും ചേർന്നാണ് വിദ്യാർത്ഥിയെ പിടികൂടിയത്. വീട്ടിൽ നിന്ന് റിഷിയുടെ മൊബൈൽ ഫോണും ചോക്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
കോളേജ് പഠനകാലത്ത് റിഷി കഞ്ചാവിനും ഹാഷ് ഓയിലിനും അടിമയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തന്റെ ആഡംബര ജീവിതത്തിന്റെ ചിലവ് താങ്ങാനാവാതെ വന്നതോടെ ആദ്യം ഇ-സിഗരറ്റ് വിൽപന തുടങ്ങി. പിന്നീട് കൂടുതൽ പണത്തിനായി മയക്കുമരുന്ന് കലർന്ന ചോക്ലേറ്റുകൾ വിൽക്കാൻ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കേരളത്തിൽ മയക്കുമരുന്നിനെതിരെ വ്യാപക പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. വീട്ടിൽ വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ബേപ്പൂർ തവളക്കുളം സ്വദേശി വല്ലാതൊടി പറമ്പിൽ രാജീവ് (47)ആണ് ബേപ്പൂർ പൊലീസിന്റെ പിടിയിലായത്.
വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്. വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ രാജീവിൻറെ വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു