തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ല വികസന സമിതി യോഗം ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണും

ആലപ്പുഴ :  ആലപ്പുഴ നഗരത്തില്‍ രൂക്ഷമായ തെരുവുനായ ശല്യം  പരിഹരിക്കാന്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ജില്ല കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ അധ്യക്ഷനായുള്ള ജില്ല വികസനസമിതിയോഗം തീരുമാനിച്ചു.  പി പി ചിത്തരഞ്ജന്‍ എം.എല്‍.എയാണ് യോഗത്തില്‍ വിഷയം അവതരിപ്പിച്ചത്. തെരുവ് നായകള്‍ക്കായുള്ള ഷെല്‍ട്ടര്‍ പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പിന്  എം.എല്‍.എ  നിര്‍ദ്ദേശം നല്‍കി.

 ദേശീയ പാത വികസനത്തിനായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍ വളരെ ദയനീയമായ സാഹചര്യത്തിലാണ് താമസിക്കുന്നതെന്നും  അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള വൃത്തിയുള്ള താമസ സൗകര്യം  ഉറപ്പാക്കണമെന്നും തൊഴില്‍ വകുപ്പിനോട്  എം. എല്‍ എ ആവശ്യപ്പെട്ടു. ഹൗസ് ബോട്ടുകളുടെ പ്രവര്‍ത്തന സമയം രാവിലെ ആറുമണിമുതല്‍ രാത്രി 10 മണി വരെ ആക്കണമെന്നും രാത്രി സര്‍വീസിനായി പ്രത്യേക ട്രാക്ക് തയ്യാറാക്കി പോലീസ് സുരക്ഷയോടെ സേവനം ഉറപ്പാക്കണമെന്നും അതിനുള്ള  തീരുമാനം ടൂറിസം വകുപ്പ് കളക്ടറുമായി ചേര്‍ന്ന് എടുക്കണമെന്നും എംഎല്‍എ പറഞ്ഞു. ഹൗസ് ബോട്ട് അസോസിയേഷനുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും.
 ആലപ്പുഴ ബൈപ്പാസില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് എച്ച് സലാം എംഎല്‍എ യോഗത്തില്‍  പറഞ്ഞു. ജില്ല കോടതി പാലം, തോട്ടപ്പള്ളി നാലു ചിറപ്പാലം എന്നീ പ്രവര്‍ത്തികളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു. ജില്ല കോടതി പാലത്തിനായി സ്ഥലം വിട്ടുകൊടുത്തവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം എല്ലാവര്‍ക്കും നല്‍കണമെന്നും നോട്ടീസ് നടപടികള്‍ വേഗത്തിലാക്കാനും എച്ച്.സലാം എം.എല്‍.എ ആവശ്യപ്പെട്ടു. അമ്പലപ്പുഴ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അമ്പലപ്പുഴ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥര്‍ എത്രയും വേഗം നടപടി എടുക്കും.  

 അരൂര്‍ മണ്ഡലത്തിലെ ദേശീയപാതയോട് അടുത്ത പ്രദേശങ്ങളില്‍  ശുദ്ധജലക്ഷാമം രൂക്ഷമാണെന്ന് ദലീമ ജോജോ എം.എല്‍.എ ചൂണ്ടിക്കാട്ടി.  ജപ്പാന്‍ കുടിവെള്ള പൈപ്പില്‍ ഉണ്ടാകുന്ന ചോര്‍ച്ച കാരണം കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനാല്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പോലും മുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും   ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും  എം.എല്‍.എ പറഞ്ഞു. അരൂക്കുറ്റി, മനക്കോടം ഭാഗങ്ങളിലേക്ക് രാത്രി കാലങ്ങളില്‍ സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നതായി  എം.എല്‍.എ. അറിയിച്ചു. ഈ മേഖലയില്‍ മതിയായ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പും കെ.എസ്.ആര്‍.ടി.സിയും സാധ്യത പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വേമ്പനാട്ട് കായലിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോള നീക്കം  
ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് ജില്ല കളക്്ടര്‍ നിര്‍ദ്ദേശിച്ചു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി  ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കായി  ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. വിജയികളായ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സോമനാഥന്‍, ദാരിദ്ര്യം ലഘുകരണ വിഭാഗം പി.എ. ഒ ജി.പി ശ്രീജിത്ത് എന്നിവര്‍ക്കുള്ള സമ്മാനദാനം പി പി ചിത്തരഞ്ജന്‍ എംഎല്‍എ നിര്‍വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →