ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജയം പ്രതീക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഗുവാഹാത്തിയില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണു ബ്ലാസ്റ്റേഴ്സിനെ നേരിടുക. നാല് കളികളില്‍ നിന്നു മൂന്ന് പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് ഒന്‍പതാമതാണ്.അക്കൗണ്ട് തുറക്കാത്ത നോര്‍ത്ത് ഈസ്റ്റ് ഏറ്റവും പിന്നില്‍ 11-ാമതും. നാലു മത്സരങ്ങള്‍ക്കിടെ 10 ഗോളുകള്‍ വഴങ്ങിയത് ആശങ്കയാണെന്നു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമാനോവിച് പറഞ്ഞു. ഗോള്‍ വഴങ്ങിയതു ടീം പൂര്‍ണമായും ആക്രമണത്തിലേക്കു തിരിഞ്ഞതു കൊണ്ടു സംഭവിച്ചതാണെന്നും ഇവാന്‍ പറഞ്ഞു. രണ്ട് ഗോളുകള്‍ക്കു പിന്നിലാകുമ്പോള്‍ ആക്രമണം അല്ലാതെ വഴിയില്ലാതാകും.
പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സെറ്റ് പീസുകളുടെ മുന്നിലും ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ജയമാണ് തനിക്ക് അവസരം കിട്ടുന്നതിനേക്കാള്‍ പ്രധാനമെന്നു ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുല്‍. കഴിഞ്ഞ മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ രാഹുല്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ടീം ജയിച്ചില്ലെങ്കില്‍ സന്തോഷം ഉണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞു.

