മാഡ്രിഡ്: സ്പാനിഷ് താരം ജെറാഡ് പിക്വെ ഫുട്ബോളില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ പ്രതിരോധ താരമാണ് 35 വയസുകാരനായ പിക്വെ. അല്‍മീരിയയ്ക്കെതിരേ സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടക്കുന്ന മത്സരത്തോടെ വിരമിക്കുകയാണെന്ന് പിക്വെ ട്വിറ്ററിലൂടെ വ്യക്തമാക്കി. പിക്വെയുടെ കരാര്‍ റദ്ദാക്കുകയാണെന്നു ബാഴ്സ അധികൃതരും വ്യക്തമാക്കി.ബാഴ്സയ്ക്കു പുറമേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടിയും പിക്വെ കളിച്ചു. 18 വര്‍ഷം നീണ്ട കരിയറില്‍ 35 കിരീടങ്ങള്‍ നേടി.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഒരു പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം എട്ട് ലാ ലിഗയും മൂന്ന് ചാമ്പ്യന്‍സ് ലീഗും നേടി. സ്പെയിനൊപ്പം ലോകകപ്പും (2010) യൂറോ കപ്പും (2012) നേടിയിട്ടുള്ള താരം കൂടിയാണ് പിക്വെ.പത്താം വയസിലാണു പിക്വെ ബാഴ്സയുടെ ഫുട്ബോള്‍ അക്കാദമിയിലെത്തിയത്. 2004 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയിലേക്കു ചുവട് മാറ്റി. അലക്സ് ഫെര്‍ഗുസണ്‍ കോച്ചായിരിക്കേ യുണൈറ്റഡിനു വേണ്ടി കളിച്ചു.2008 ല്‍ ഫെര്‍ഗുസണിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ബാഴ്സയില്‍ തിരിച്ചെത്തിയ പിക്വെ 2009, 2011, 2015 സീസണുകളിലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും മുത്തമിട്ടു.കൊളംബിയന്‍ ഗായിക ഷാകീരയുമായുള്ള ബന്ധം പിരിഞ്ഞത് ജൂണിലാണ്. അവര്‍ക്കു രണ്ടു കുട്ടികളുമുണ്ട്.
ജെറാഡ് പിക്വെ വിരമിക്കുന്നു
