വിളവെടുപ്പിലൂടെ ലഭിക്കുന്ന കാർഷിക വിളകൾക്ക് വിപണി ഉറപ്പാക്കാനാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക പദ്ധതിയുടെ ഭാഗമായി കുസാറ്റ് റഡാർ കാമ്പസിൽ നടന്ന വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകൾ ഉൾപ്പെടെ എല്ലാവരും പദ്ധതി ഒറ്റക്കെട്ടായി ഏറ്റെടുത്തെന്നും നല്ല വിളവു ലഭിച്ചെന്നും പദ്ധതി എല്ലായിടത്തും വ്യാപിപ്പിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി സർവീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച എസ്.എച്ച്.ജി അംഗമായ സെയ്ദാണ് കാമ്പസിൽ കൃഷി ചെയ്തത്.
വെണ്ട, ചീര, വെള്ളരി, മത്തൻ, കുമ്പളം, തണ്ണിമത്തൻ, ചുരയ്ക്ക എന്നിങ്ങനെ വിവിധ ഇനം പച്ചക്കറികളാണു വിളവെടുത്തത്. കുസാറ്റ് റഡാർ കാമ്പസിൽ മൂന്ന് ഏക്കറിലാണ് കൃഷി ചെയ്തത്. കളമശ്ശേരി സർവീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച 13 സംഘങ്ങളിൽ ആദ്യ യൂണിറ്റിന്റെ വിളവെടുപ്പായിരുന്നു.
കളമശ്ശേരി നഗരസഭാധ്യക്ഷ സീമാ കണ്ണൻ അധ്യക്ഷത വഹിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ കെ.എൻ മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി.
ആദ്യ വില്പന ജില്ലാ പ്ലാനിംഗ് ബോർഡ് മെമ്പർ ജമാൽ മണക്കാടനിൽ നിന്നും കളമശ്ശേരി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.എ അബ്ദുള്ള ഏറ്റുവാങ്ങി. കളമശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഖില ജിജോ, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ കോ-ഓഡിനേറ്റർ വിജയൻ പള്ളിയാക്കൽ, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.എം മുഹമ്മദ്, പി.ഐ അബ്ദുൽ മനാഫ്, കെ. ജി മോഹനൻ, വി. കരുണാകരൻ, കുസാറ്റ് പ്രോ വൈസ് ചാൻസലർ പി.ജി ശങ്കരൻ, രജിസ്ട്രാർ ഡോ. വി. മീര, അഗ്രികൾച്ചറൽ ഡയറക്ടർ ജെ.എസ് സുധാകുമാരി, ഗ്രീൻ ക്യാമ്പസ് കൺവീനർ ഡോ. സംഗീത പ്രതാപ്, കൃഷി ഓഫീസർ ഗായത്രി ദേവി, ബാങ്ക് സെക്രട്ടറി ഡോൺ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.

