ആദ്യ മന്ത്രിസഭായോഗം ചേര്‍ന്ന് ഋഷി സുനാക്

ലണ്ടന്‍: ചരിത്രംകുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് തന്റെ പുതിയ ടീമുമായി ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ചയായി.

പരിഹാര നടപടി സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നാണു സൂചന. രൂക്ഷമായ വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയില്‍നിന്നു രാജ്യത്തെ രക്ഷിക്കുക എന്നതാണ് ഋഷി സുനകിനു മുന്നിലെ പ്രധാന വെല്ലുവിളി.

ജെറമി ഹണ്ട് (ധനമന്ത്രി), ഇന്ത്യന്‍ വംശജ സ്യുവെല്ല ബ്രേവര്‍മാന്‍ (ആഭ്യന്തരം), ജെയിംസ് വൈര്‍ലി (വിദേശം) തുടങ്ങിയവരെ സുനാക് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പാര്‍ട്ടിയില്‍ ഐക്യം ഉറപ്പിക്കാനാണു ഋഷി സുനകിന്റെ ശ്രമം.

വിവാദങ്ങളെത്തുടര്‍ന്നു ലിസ് ട്രസ് മന്ത്രിസഭയില്‍നിന്നു രാജിവച്ച ബ്രേവര്‍മാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നത്. സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഔദ്യോഗിക രേഖകള്‍ അനധികൃതമായി പുറത്തുവിട്ടതിനെത്തുടര്‍ന്നാണ്‌ ബ്രേവര്‍മാന് രാജിവയ്‌ക്കേണ്ടി വന്നത്.

അതേസമയം, ബ്രേവര്‍മാന്റെ നിയമനത്തെ ഋഷി സുനാക് ന്യായീകരിച്ചു. ക്രിമിനലുകളെ അടിച്ചമര്‍ത്തുന്നതിലും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിലും ആഭ്യന്തരമന്ത്രി ശ്രദ്ധചെലുത്തുമെന്നു സുനാക് പറഞ്ഞു.

ജെയിംസ് വൈര്‍ലി ഉള്‍പ്പെടെയുള്ളവരും ബ്രേവര്‍മാനെ പിന്തണച്ചു രംഗത്തെത്തി.
പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആദ്യ പൂര്‍ണ ദിവസം തന്നെ ”പ്രൈം മിനിസ്‌റ്റേഴ്‌സ് ക്വസ്റ്റിയന്‍സി(പി.എം.ക്യു)ല്‍ സുനാക് ചോദ്യങ്ങള്‍ നേരിട്ടു. ജനപ്രതിനിധി സഭയില്‍ എല്ലാ ബുധനാഴ്ചയുമാണ് പി.എം.ക്യു. നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →