ഡെങ്കിപ്പനി രോഗിക്ക് കൊടുത്തത് ജ്യൂസല്ല, മോശം അവസ്ഥയില്‍ സൂക്ഷിച്ച പ്ലേറ്റ്‌ലെറ്റ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി രോഗിക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം മുസംബി ജ്യൂസ് നല്‍കിയെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ വിശദീകരണവുമായി പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടം. പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസോ മറ്റെന്തോ പഴത്തിന്റെ ജ്യൂസോ ആണ് കുത്തിവെച്ചത് എന്നായിരുന്നു രോഗിയുടെ ബന്ധുക്കളുടെ ആരോപണം.

സംഭവത്തില്‍ രോഗി മരിച്ചിരുന്നു. ഡെങ്കിപ്പനി ബാധിച്ച് മരിച്ച രോഗിക്ക് മുസമ്പി ജ്യൂസ് അല്ല നല്‍കിയിരുന്നത് എന്നാണ് പ്രയാഗ് രാജ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രിയുടെ വിശദീകരണം. മോശമായ അവസ്ഥയില്‍ സൂക്ഷിച്ച പ്ലേറ്റ്‌ലെറ്റാണ് ഡെങ്കി ബാധിച്ചയാള്‍ക്ക് കുത്തിവെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.

പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിബാധിച്ച് പ്രദീപ് പാണ്ഡേ (32) കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം മുസംബി ജ്യൂസ് നല്‍കിയെന്നും ഇതേത്തുടര്‍ന്ന് രോഗിമരിച്ചെന്നുമുള്ള ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടിയിരുന്നു.

കെട്ടിടം പൊളിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്നും രണ്ടു ദിവസത്തിനകം ഒഴിയണമെന്നും ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു നോട്ടീസ് നല്‍കി. അതിനിടെ, വ്യാജ പ്ലേറ്റ്‌ലറ്റുകള്‍ വില്‍ക്കുന്ന സംഘത്തിലെ പത്തുപേരെ പ്രയാഗ്‌രാജ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

”സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ രോഗിക്ക് മോശമായി സൂക്ഷിക്കപ്പെട്ട പ്ലേറ്റ്‌ലെറ്റുകള്‍ നല്‍കിയിരുന്നതായി കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്” – ജില്ലാ മജിസ്‌ട്രേറ്റ് ഖെത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം