ശ്യാംജിത്ത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടതായി പോലീസ്

കോഴിക്കോട്: കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടതായി പോലീസ്.വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനായിരുന്നു നീക്കം. അയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് സംശയിച്ചതാണ് കാരണം. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയശേഷം ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിട്ടായിരുന്നെന്നു ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു.

വിഷ്ണുപ്രിയയുടെ തലയറുത്തു മാറ്റിയശേഷം അതുമായി ആണ്‍സുഹൃത്തിനെ കാണുകയും അയാളെ കൊലപ്പെടുത്തുകയുമായിരുന്നു ശ്യാംജിത്തിന്റെ ലക്ഷ്യം. എന്നാല്‍ തല പൂര്‍ണമായും അറുത്തുമാറ്റാന്‍ ശ്യാംജിത്തിന് സാധിച്ചില്ല. അയാള്‍ വിഷ്ണുപ്രിയയുടെ മുറിയിലേക്ക് കടന്നെത്തുന്ന സമയത്ത് ആണ്‍സുഹൃത്തുമായി വീഡിയോ കോളിലായിരുന്നു. സംഭവസമയത്ത് കോള്‍ കട്ടായിരുന്നില്ല. സംഭവങ്ങള്‍ക്ക് ആണ്‍സുഹൃത്ത് അത്തരത്തില്‍ സാക്ഷിയുമായി. സാക്ഷിയെന്ന നിലയില്‍ അയാളില്‍നിന്നും പോലീസ് മൊഴിയെടുക്കും.

തെളിവെടുപ്പ് വേളയിലും ശ്യാംജിത്തിന് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. കൊലപാതകത്തിനായി നേരത്തെ തന്നെ ആസൂത്രണം തുടങ്ങിയിരുന്നു. ഗൂഗിളില്‍ സേര്‍ച്ച് നടത്തിയായിരുന്നു തുടക്കം.തെളിവ് നശിപ്പിക്കാനുള്ള പദ്ധതികളും തയാറാക്കിയിരുന്നു. ”അഞ്ചാം പാതിര”എന്ന സിനിമയെയും മാതൃകയാക്കി. കത്തി കടയില്‍നിന്ന്് വാങ്ങിയാല്‍ സംശയിക്കാമെന്നതിനാല്‍ അതു സ്വന്തമായി നിര്‍മിച്ചു. ഇരുമ്പ് വാങ്ങി ഇരുഭാഗത്തും മൂര്‍ച്ചയുള്ള കത്തി മൂന്നുദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. തലയ്ക്കടിച്ച് വീഴത്താന്‍ ഉപയോഗിച്ച ചുറ്റിക കടയില്‍നിന്ന് വാങ്ങി. മുളക് പൊടി അടക്കമുള്ളവ ബാഗില്‍ കരുതി. കഴുത്തറത്ത് കൊല്ലാനായി കട്ടറും, കത്തിക്ക് മൂര്‍ച്ച കൂട്ടാനുള്ള യന്ത്രവും ഓണ്‍ലൈനായി വാങ്ങി. സമീപത്തെ ബാബര്‍ഷോപ്പില്‍നിന്ന് മറ്റാരുടേയോ മുടി മോഷ്ടിച്ചു. ഈ മുടി വിഷ്ണുപ്രിയയുടെ മുറിയില്‍ നിക്ഷേപിച്ചു. തെളിവായി ലഭിച്ച മുടി ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് തനിക്ക് അനുകൂലമാക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഇത്.വിഷ്ണുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു. കഴുത്തു വേര്‍പ്പെടാറായ നിലയിലായിരുന്നു വിഷ്ണുപ്രിയയുടെ മൃതദേഹം. അതിനുമുമ്പ് തന്നെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടുമുണ്ട്. ഇതിനാല്‍തന്നെ മരണകാരണം ഏതാണെന്ന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →