റാഗിങ്; വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു, എട്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

പരിയാരം: കണ്ണൂര്‍ പിലാത്തറ സെന്റ് ജോസഫ്സ് കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിക്കു പരിക്കേറ്റു. പോലീസ് കേസെടുത്ത എട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

പിലാത്തറ ഭാരത് റോഡ് തഖ്വ മസ്ജിദിനു സമീപത്തെ മുഹമ്മദ് മുഹ്സി(19)നാണ് റാഗിങ്ങിനെ ചോദ്യം ചെയ്തതിനു മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ എട്ട് രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരേ പരിയാരം പോലീസ് കേസെടുത്തു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഷൂസ് ധരിച്ചു വരരുതെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രേ. ഇത് ലംഘിച്ച് ഷൂസിട്ടു വന്ന തന്നെ പ്രകോപിതരായി ഒരുസംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ നെഞ്ചത്തു ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു. കുറേ നാളുകളായി ഒന്നാംവര്‍ഷം വിദ്യാര്‍ഥികളെ പലവിധത്തില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് മുഹ്സിന്‍ പറഞ്ഞു. ഒന്നാം വര്‍ഷം ബി.കോം. ഫിനാന്‍സിന് പഠിക്കുകയാണു മുഹ്സിന്‍.

രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കെ.കെ. മുഹമ്മദ്, ദില്‍ഷാന്‍, അദില്‍, അതിനാല്‍ അബ്ദുള്ള, അന്‍സില്‍, ജാസിം, സമീഹ്, ജസീം എന്നിവരുടെ പേരിലാണു കേസെടുത്തിരിക്കുന്നത്. ഭയം കൊണ്ടാണു വിവരം ആരോടും പറയാതിരുന്നതത്രേ. പ്രശ്നം കോളജ് മാനേജ്മെന്റ് അതീവഗൗരവത്തോടെയാണു കാണുന്നതെന്നും കോളജിലെ ആന്റി റാഗിങ്ങ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു വൈസ് പ്രിന്‍സിപ്പലും കോളജ് മാനേജരുമായ ഫാ. ജോണ്‍സണ്‍ പറഞ്ഞു. ഇന്നലെ പ്രിന്‍സിപ്പല്‍ പ്രഫ. മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടന്നതു റാഗിങ് തന്നെയെന്നു വിലയിരുത്തുകയും മുഹ്സിന്‍ പ്രിന്‍സിപ്പലിനു നല്‍കിയ പരാതി പോലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →