വീടില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ മുന്തിയ പരിഗണന : മന്ത്രി പി. പ്രസാദ്

ആലപ്പുഴ: സ്വന്തമായൊരു വീടില്ലാത്തവരുടെ കാര്യത്തില്‍ വലിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) പദ്ധതിയിലൂടെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത ധാരാളം ജനങ്ങളുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്തിയ പരിഗണനയുടെ ഫലമായാണ് ലൈഫ് മിഷന്‍ പോലുള്ള സമ്പൂര്‍ണ പാര്‍പ്പിട പദ്ധതികള്‍. സ്വന്തം വീടെന്നത് എല്ലാവരുടെയും എല്ലാ കാലത്തെയും ഏറ്റവും വലിയ സ്വപ്നമാണെങ്കിലും വരുമാനത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് വേണം ഓരോ വീടുകളും നിര്‍മിക്കാനെന്നും മന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പി.എം.എ.വൈ. ഈ പദ്ധതി പ്രകാരം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 115 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. ഇതില്‍ 24 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 80 ശതമാനം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡു പണം കൈമാറി കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 

ഗ്രാമപഞ്ചായത്തുകളായ അരൂരില്‍ അഞ്ച്, കോടംത്തുരുത്തില്‍ രണ്ട്, കുത്തിയതോടില്‍ രണ്ട്, പട്ടണക്കാട് ഏഴ്, തുറവൂരില്‍ അഞ്ച്, വയലാറില്‍ മൂന്ന് എന്നിങ്ങനെയാണ് പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം. വീട് നിര്‍മാണത്തിനായി നാല് ലക്ഷം രൂപയാണ് ഗുണഭോക്താവിന് ലഭിക്കുന്നത്. ഇതിനുപുറമേ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 തൊഴില്‍ ദിനങ്ങളും ലഭിക്കും.  

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി) പ്രകാരം അന്തിമമായി തയ്യാറാക്കിയ സ്ഥിരം ഗുണഭോക്തൃ പട്ടികയില്‍ നിന്നാണ് ഈ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരെഞ്ഞെടുക്കുന്നത്. പരമാവധി 600 ചതുരശ്ര അടിയില്‍ ഹാള്‍, അടുക്കള, മുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിക്കേണ്ടത്.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, ജില്ല പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാഖി ആന്റണി, ആര്‍. പ്രദീപ്, വി.ജി. ജയകുമാര്‍, പി. വത്സല, സുജിത ദിലീപ്, കവിത ഷാജി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എസ്.വി. ബാബു, ജയ പ്രതാപന്‍, ബി.ഡി.ഒ. സക്കീര്‍ ഹുസൈന്‍, ജോയിന്‍ ബി.ഡി.ഒ. പി.പി. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം