ലങ്കയും ഹോളണ്ടും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12ല്‍ കടന്നു

ഗീലോങ് (മെല്‍ബണ്‍): ശ്രീലങ്കയും ഹോളണ്ടും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12 ല്‍ കടന്നു. എ ഗ്രൂപ്പ് ജേതാക്കളായാണു ലങ്കയും രണ്ടാം സ്ഥാനക്കാരാണു ഹോളണ്ടും കടന്നത്.ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ലങ്ക ഹോളണ്ടിനെ 16 റണ്ണിനു തോല്‍പ്പിച്ചിരുന്നു. മൂന്ന് കളികളില്‍നിന്നു രണ്ട് ജയവും ഒരു തോല്‍വിയുമടക്കം നാല് പോയിന്റുമായി അവര്‍ ഒന്നാമതെത്തി. യു.എ.ഇ. നമീബിയയെ ഏഴ് റണ്ണിനു തോല്‍പ്പിച്ചതോടെയാണു ഹോളണ്ടിന്റെ വഴി തെളിഞ്ഞത്.നമീബിയ മൂന്ന് കളികളില്‍നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമടക്കം രണ്ട് പോയിന്റുമായി ഫിനിഷ് ചെയ്തു. ഏഷ്യന്‍ ചാമ്പ്യനായ ലങ്കയെ അട്ടിമറിക്കാന്‍ കഴിഞ്ഞതാണു നമീബിയയുടെ നേട്ടം. യു.എ.ഇയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഹോളണ്ടിനെ മറികടന്ന് സൂപ്പര്‍ 12 ലെത്താന്‍ അവര്‍ക്കാകുമായിരുന്നു. മൂന്ന് കളികളില്‍നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമടക്കം രണ്ട് പോയിന്റ് നേടിയ യു.എ.ഇ. ഏറ്റവും പിന്നിലായി.

20/10/2022 രാവിലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റിന് 162 റണ്ണെടുത്തു. ഡച്ച് പോരാട്ടം ഒന്‍പതിന് 146 റണ്ണെന്ന നിലയിഅവസാനിച്ചു. ഓപ്പണര്‍ മാക്സ് ഓ ഡൗഡിന്റെ (53 പന്തില്‍ മൂന്ന് സിക്സറും ആറ് ഫോറുമടക്കം പുറത്താകാതെ 71) പ്രകടനം ലങ്കന്‍ താരങ്ങളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി. ഡൗഡിന് മറ്റു ബാറ്റര്‍മാരുടെ പിന്തുണ ലഭിക്കാതിരുന്നതു ഗുണമായി.

നായകനും വിക്കറ്റ് കീപ്പറുമായ സ്‌കോട്ട് എഡ്വേഡ്സ് (15 പന്തില്‍ മൂന്ന് ഫോറുകളടക്കം 21), ടോം കൂപ്പര്‍ (19 പന്തില്‍ 16), ബാസ് ഡി ലീഡ് (10 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 14) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. നമീബിയയോട് തോറ്റ കാരണം ലങ്കയ്ക്ക് ജയം അനിവാര്യമായിരുന്നു. പവര്‍പ്ലേയില്‍ ലങ്കയെ പിടിച്ചുകെട്ടാന്‍ ഡച്ച് ബൗളര്‍മാര്‍ക്കായി. 6.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍ മാത്രമായിരുന്നു ലങ്കന്‍ സ്‌കോര്‍.

ഓപ്പണറും വിക്കറ്റ് കീപ്പറുമായ കുശല്‍ മെന്‍ഡിസ് നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് (44 പന്തില്‍ അഞ്ച് സിക്സറും ഫോറുമടക്കം 79) ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ചരിത അസാലങ്ക (30 പന്തില്‍ 31), ഭാനുക രാജപക്സെ (13 പന്തില്‍ 19), ഓപ്പണര്‍ പാതും നിസങ്ക (21 പന്തില്‍ 14) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രധാന സംഭാവന. നിസങ്കയെയും ധനഞ്ജയ ഡി സില്‍വയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി പോള്‍ വാന്‍ മീകീറണ്‍ ലങ്കയെ ഞെട്ടിച്ചു.ഡച്ച് മുന്‍നിര ബാറ്റര്‍മാരായ വിക്രംജീത്ത് സിങ് (ഏഴ്), കോളിന്‍ അകര്‍മാന്‍ (0) എന്നിവര്‍ക്കു നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ മൂന്ന് വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ രണ്ട് വിക്കറ്റും ലാഹിരു കുമാര, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. ലങ്കയെ ആദ്യ മത്സരത്തില്‍ നമീബിയ അട്ടിമറിച്ചിരുന്നു. സൂപ്പര്‍ 12 ല്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന ലങ്ക സര്‍വ ശക്തിയുമെടുത്താണു കളിച്ചത്. നമീബിയയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ. മൂന്ന് വിക്കറ്റിന് 148 റണ്ണെടുത്തു. നമീബിയയുടെ പോരാട്ടം എട്ടിന് 141 റണ്ണെന്ന നിലയില്‍ അവസാനിച്ചു. യു.എ.ഇ. ഓപ്പണര്‍ മുഹമ്മദ് വാസിം (41 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം 50) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. നായകന്‍ മലയാളി താരം സി. റിസ്വാന്‍ 29 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 43 റണ്ണെടുത്തു.

ബാസില്‍ ഹമീദ് 14 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 25 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ വൃത്യ അരവിന്ദ് (32 പന്തില്‍ 21), അലീഷന്‍ ഷറഫു (നാല് പന്തില്‍ നാല്) എന്നിവര്‍ നിരാശപ്പെടുത്തി. നമീബിയയ്ക്കു വേണ്ടി ഡേവിഡ് വീസ് 36 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 55 റണ്ണെടുത്തു. റൂബന്‍ ട്രമ്പല്‍മാന്റെ പോരാട്ടവും (24 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം പുറത്താകാതെ 25) പാഴായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →