ഡോ. ജെ.വി. വിളനിലം അന്തരിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ.വി. വിളനിലം (87) അന്തരിച്ചു. സംസ്‌കാരം യു.എസിലുള്ള മകന്‍ എത്തിയതിനുശേഷം പിന്നീട്. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു അദ്ദേഹത്തിന്റെ താമസം.

കേരള സര്‍വകലാശാലയില്‍ മാധ്യമപഠന വകുപ്പ് ആരംഭിച്ചപ്പോള്‍ അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, 1992ല്‍ വൈസ് ചാന്‍സലറായി നിയമിതനായി. സംസ്ഥാനത്തു സര്‍വകലാശാലകളില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്.എഫ്.ഐ. വിളനിലത്തിനെതിരേ സമരം നടത്തിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ മതിയായ യോഗ്യത ഉണ്ടെന്നു ശരിവയ്ക്കുകയായിരുന്നു. അന്യാധീനമായ സര്‍വകലാശാല ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതിനെതിരേ സി.പി.എമ്മും വിളനിലത്തിനെതിരേ രംഗത്തുവന്നിരുന്നു.സ്‌കൂള്‍ അധ്യാപകരായ ചാണ്ടി വര്‍ഗീസിന്റെയും ഏലിയാമ്മ വര്‍ഗീസിന്റെയും മകനായി 1935 ല്‍ ചെങ്ങന്നൂരിലായിരുന്നു ജനനം. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം തിരുവല്ല മാര്‍ത്തോമ്മാ കോളജ്, ദേവഗിരി (കാലിക്കറ്റ്) സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കുറച്ചുനാള്‍ മദ്രാസിലെ എം.ആര്‍.എഫ്. കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആനി ജോണ്‍ വിളനിലം. മക്കള്‍: സന്തോഷ് (യു.എസ്.എ), പ്രകാശ് (യു.എസ്.എ), പരേതനായ സുരേഷ്. മരുമക്കള്‍: സ്‌നേഹ, ലുലു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →