സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ ആറ് റണ്ണിന്റെ നാടകീയ ജയം

ബ്രിസ്‌ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ ആറ് റണ്ണിന്റെ നാടകീയ ജയം. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. അവസാന രണ്ട് ഓവറില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 16 റണ്‍ മതിയായിരുന്നു. നായകന്‍ ആരോണ്‍ ഫിഞ്ച് (54 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 76) ക്രീസില്‍ നില്‍ക്കേ ഓസീസ് ജയമുറപ്പിച്ചു. 19-ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ വിരാട് കോഹ്‌ലിയുടെ ഫീല്‍ഡിങ് മികവില്‍ ടിം ഡേവിഡ് (രണ്ട് പന്തില്‍ അഞ്ച്) റണ്ണൗട്ടായി. ഹര്‍ഷലിന്റെ ഓവറില്‍ അഞ്ച് റണ്ണും ഷമി എറിഞ്ഞ അവസാന ഓവറില്‍ നാല് റണ്ണും മാത്രമാണ് നേടാനായത്. ആറ് വിക്കറ്റുകള്‍ നഷ്ടവുമായി.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍. അതുവരെ എറിയാതിരുന്ന ഷമിയാണ് പന്തെടുത്തത്. ആദ്യ രണ്ട് പന്തുകളില്‍ നിന്ന് നാലു റണ്‍ പിറന്നു. തുടര്‍ന്നു വേണ്ടത് നാല് പന്തില്‍ ഏഴ് റണ്‍. നിലവിലെ ചാമ്പ്യന്‍മാരുടെ പക്കല്‍ ശേഷിച്ചതു നാലു വിക്കറ്റും. മൂന്നാം പന്തില്‍ കോഹ്‌ലിയുടെ ഗംഭീര ക്യാച്ചില്‍ പാറ്റ് കുമ്മിന്‍സ് (ഏഴ്) പുറത്ത്. തൊട്ടടുത്ത പന്തില്‍ ഇല്ലാത്ത റണ്‍സിന് ഓടിയ ആഷ്ടണ്‍ ആഗര്‍ (0) റണ്ണൗട്ട്. ഓസീസിന്റെ ലക്ഷ്യം രണ്ട് പന്തില്‍ ഏഴ് റണ്‍. അഞ്ചാം പന്തില്‍ ജോഷ് ഇന്ഗ്ലിസിന്റെയും (ഒന്ന്) കെയ്ന്‍ റിച്ചാഡ്‌സണിന്റെയും (0) വിക്കറ്റുകള്‍ തെറിച്ചു.

ഓസ്ട്രേലിയക്ക് ആരോണ്‍ ഫിഞ്ചും മിച്ചല്‍ മാര്‍ഷും (18 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 35) മികച്ച തുടക്കം നല്‍കി. ഷമി നാല് റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ലോകേഷ് രാഹുല്‍ (33 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 57), സൂര്യകുമാര്‍ യാദവ് (33 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 50) എന്നിവരുടെ മികവിലാണ് 186 റണ്ണെടുത്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി കെയ്ന്‍ റിച്ചാഡ്‌സണ്‍ നാല് വിക്കറ്റെടുത്തു. വിരാട് കോഹ്‌ലി (13 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 19), ദിനേഷ് കാര്‍ത്തിക് (14 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നായകന്‍ രോഹിത് ശര്‍മ (14 പന്തില്‍ 15), ഹാര്‍ദിക് പാണ്ഡ്യ (രണ്ട്), അക്ഷര്‍ പട്ടേല്‍ (ആറ്) എന്നിവര്‍ നിരാശപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →