മുംബൈ: മുന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നി ബി.സി.സി.ഐയുടെ പ്രസിഡന്റാകുമെന്ന് ഉറപ്പായി.ഒക്ടോബർ 18 ന് നടക്കുന്ന ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ബിന്നിയെ 36-ാമത്തെ പ്രസിഡന്റായി ഏകപക്ഷീയമായി തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. നിലവിലെ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നതിനുള്ള ചര്‍ച്ചയും പൊതുയോഗത്തിലുണ്ടാകുമെന്നാണു സൂചന. ഐ.സി.സി. ചെയര്‍മാന്‍ ഗ്രെഗ് ഒരു അവസരം കൂടി കൊടുക്കണമെന്ന അഭിപ്രായവും സജീവമാണ്.ഐ.സി.സി. ചെയര്‍മാന്‍ സ്ഥാനത്തേക്കു പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 20 ആണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നവംബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന ഐ.സി.സി. ബോര്‍ഡ് മീറ്റിങ്ങില്‍ തെരഞ്ഞെടുപ്പുണ്ടാകും. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, ബി.സി.സി.ഐ. മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ എന്നിവരുടെ പേരുകളും സജീവമാണ്. പക്ഷേ ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അനുരാഗ് ഠാക്കൂര്‍ തിരക്കിലായിരിക്കും. 78 വയസുകാരനായ ശ്രീനിവാസന് പ്രായമാണു പ്രതികൂലം.
ബിന്നിയെ കൂടാതെ ജയ് ഷാ (സെക്രട്ടറി), ആശിഷ് ഷീലാര്‍ (ട്രഷറര്‍), രാജീവ് ശുക്ല (വൈസ് പ്രസിഡന്റ്), ദേവജീത് സൈകിയ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ഒക്ടോബർ 18 ന് നടക്കുന്ന പൊതുയോഗത്തില്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കും. സ്ഥാനമൊഴിയുന്ന ട്രഷറര്‍ അരുണ്‍ ധൂമാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചെയര്‍മാനാകുമെന്ന് ഉറപ്പായി.ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ പ്രതിനിധികളായ അന്‍ശുമാന്‍ ഗെയ്ക്‌വാദ്, ശാന്തന രംഗസ്വാമി എന്നിവരുടെ കാലാവധി കഴിയുകയാണ്. 27 മുതല്‍ 29 വരെ നടക്കുന്ന ഐ.സി.എ. തെരഞ്ഞെടുപ്പിലുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റ് അശോക് മല്‍ഹോത്ര, ഇന്ത്യന്‍ ടീം മുന്‍ നായകന്‍ ദിലീപ് വെംഗ്‌സാര്‍കര്‍ എന്നിവരായിരിക്കും അടുത്ത ബോര്‍ഡ് പ്രതിനിധികളെന്നാണു സൂചന. ഇന്ത്യ കിരീടം നേടിയ 1983 ലെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത (18) ബൗളറായിരുന്നു റോജര്‍ ബിന്നി.72 ഏകദിനങ്ങളിലായി 77 വിക്കറ്റും 629 റണ്ണുമെടുത്തു. 27 ടെസ്റ്റുകളിലായി 47 വിക്കറ്റും 830 റണ്ണുമെടുത്തു. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കോച്ച്, ബംഗാള്‍ ക്രിക്കറ്റ് ടീം കോച്ച് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദേശീയ ക്രിക്കറ്റ് ടീം സെലക്ടറുമായിരുന്നു.