തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും റിവ്യൂ ഹര്‍ജിയിലൂടെ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ആന്റണി രാജു.സര്‍ക്കാര്‍ അനുമതിയോടെ വാഹനങ്ങളില്‍ പരസ്യം പതിക്കാനാകും.
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യങ്ങള്‍ പതിപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോടതി നിരീക്ഷണം.
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം പതിക്കരുതെന്ന കോടതി നിര്‍ദേശം കോര്‍പ്പറേഷന് വന്‍ ബാധ്യത ഉണ്ടാക്കുമെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കി.ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ പ്രതിവര്‍ഷം 1.80 കോടി രൂപ ലഭിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളും സര്‍ക്കാര്‍ ബസുകളില്‍ പരസ്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗതാഗത നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ നിയമനിര്‍മാണ സാധ്യത പരിശോധിക്കും. പിഴയടച്ച് എല്ലായ്‌േപ്പാഴും രക്ഷപ്പെടാമെന്നു വാഹന ഉടമകള്‍ കരുതരുത്. നിയമലംഘനം ആവര്‍ത്തിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

