തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ ഫണ്ട് തിരിമറിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ തുടരാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പണം കാണാതായ സംഭവത്തില്‍ വിശദമായ പരിശോധന നടത്തും.ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. കൃത്രിമം കാണിക്കുന്ന ജീവനക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഏതെങ്കിലും ഡിപ്പോയില്‍ സമാന സംഭവം ഉണ്ടായാല്‍ പിടിക്കപ്പെടും എന്നതിന് ഉദാഹരണമാണ് നിലവിലെ നടപടി.പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. സൂപ്രണ്ട് കെ സുരേഷ് കുമാര്‍, ടിക്കറ്റ് ആന്‍ഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരായ ടിടി സുരേഷ് കുമാര്‍, ജോസ് സൈമണ്‍, കെ അനില്‍കുമാര്‍, ജി ഉദയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.വാഹനങ്ങളിലെ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പിഴ ഒടുക്കാതെ പിന്നെയും വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും. പിഴ ഒടുക്കി എല്ലാവര്ക്കും രക്ഷപ്പെടാനാകില്ല. പിഴ ഒടുക്കാതെ വീണ്ടും കേസില്‍ പെടുന്നവരുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകും.
കെഎസ്ആര്‍ടിസി ഫണ്ട് തിരിമറി: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി
