ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്

സില്‍ഹത്ത്: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ വനിത ടീമിന്റെ ഏഴാം എഷ്യാകപ്പ് കിരീടമാണിത്.ഓപ്പണര്‍ സ്മൃതി മന്ദാനയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയവഴി എളുപ്പമാക്കിയത്. ഇന്ത്യ 32 റണ്‍സില്‍ എത്തിനില്‍ക്കെ ഷഫാലി വര്‍മയെ ഇനോക റാണവീര പുറത്താക്കി. അഞ്ച് റണ്‍സ് മാത്രമായിരുന്നു ഷഫാലിയുടെ സമ്പാദ്യം. പിന്നാലെ ഇറങ്ങിയ ജെമീമ റോഡ്രിഗസും (2) പെട്ടെന്ന് ഗ്യാലറിയില്‍ എത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങി. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറി (11 നോട്ടൗട്ട്) നേയും കൂട്ടുപിടിച്ച് മന്ദാന നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ അതിവേഗം വിജയത്തിലേക്ക് എത്തിക്കുയായിരുന്നു. 25 പന്തില്‍ 51 റണ്‍സെടുത്താണ് സ്മൃതി മന്ദാന സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തിയത്. നേരത്തേ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 65 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ ഒമ്പത് ഓവറിനിടെ തന്നെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →