കൊച്ചിയിലെ ലോക് അദാലത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

കൊച്ചി: അഞ്ചുജില്ലകളിലെ പ്രളയക്കേസുകള്‍ വെള്ളത്തിലാക്കി കൊച്ചിയിലെ ലോക് അദാലത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒക്ടോബർ ഒന്നിനാണ് പ്രവര്‍ത്തനം നിലച്ചത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ 50,000 ല്‍ പരം പ്രളയപരാതിക്കേസുകള്‍ പരിഗണിക്കുന്ന ലോക് അദാലത്തിനാണ് ഈ ദുര്‍ഗതി. പ്രളയം കഴിഞ്ഞു നാലുവര്‍ഷം പിന്നിട്ടിട്ടും നഷ്ടപരിഹാരത്തിനായി അലയേണ്ട സ്ഥിതിയിലാണ് ദുരന്തബാധിതര്‍.

ജീവനക്കാരുടെ കുറവാണ് ലോക് അദാലത്തില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. നിലവില്‍ മൂന്നുപേര്‍ മാത്രമാണ് അദാലത്തില്‍ ജോലിക്കുള്ളത്. രണ്ടുപേര്‍ ഡപ്യൂട്ടേഷനില്‍ വന്ന സ്ഥിരം ജീവനക്കാരും ഒരാള്‍ താല്‍ക്കാലിക ദിവസവേതനക്കാരിയുമാണ്. ഡെപ്യൂട്ടേഷനില്‍ വന്ന രണ്ടുപേര്‍ നേരത്തേ സ്വന്തം ലാവണത്തിലേക്കു മടങ്ങിപ്പോയി. കലക്ടറേറ്റില്‍നിന്ന് കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് താല്‍ക്കാലിക ജീവനക്കാരികളെ തിരിച്ചുവിളിച്ചതോടെയാണു പ്രവര്‍ത്തനം സ്തംഭിച്ചത്.

റിട്ട. ജില്ലാ ജഡ്ജി വേണു കരുണാകരന്‍ ചെയര്‍മാനും പി.എ. െസെനുദീന്‍, ഡോ. ലത എന്നിവര്‍ അംഗങ്ങളുമായ ലോക്അദാലത്താണ് കൊച്ചിയിലുള്ളത്. വിധിപ്രസ്താവം അച്ചടിച്ചു നല്‍കാന്‍ പ്രിന്റര്‍ പോലും ഇവിടെയില്ല. ഇതുമൂലം കക്ഷികള്‍ക്ക് വിധിപ്പകര്‍പ്പ് ലഭ്യമാക്കാനും കഴിയുന്നില്ല.നിലവില്‍ രാവിലെമാത്രം കുറച്ചു കേസുകള്‍ അദാലത്തില്‍ കേള്‍ക്കുന്നൂണ്ട്. ഉച്ചകഴിഞ്ഞ് സിറ്റിങ് ഇല്ല. ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കണം, പകര്‍പ്പുകള്‍ എടുക്കാന്‍ മികച്ച ഒരു പ്രിന്റര്‍ ഒരുക്കണം, പത്തു മാസമായി താല്‍ക്കാലിക ജീവനക്കാരിക്ക് കിട്ടേണ്ട വേതനം നല്‍കണം എന്നിങ്ങനെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല.

ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് 2018 ലെ വെള്ളപ്പൊക്കത്തില്‍ നഷ്ടം നേരിട്ടവരുടെ കേസുകള്‍ ലോക് അദാലത്തിലേക്ക് മാറ്റിയത്. വേഗത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടിയാണ് കേസുകള്‍ അദാലത്തിലേക്കു മാറ്റിയതെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →