പ്ലാസ്റ്റിക്ക് പടിക്ക് പുറത്ത്; പോരാട്ടവുമായി തെളിമയുള്ള തൈക്കാട്ടുശ്ശേരി

ആലപ്പുഴ: തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതി വഴി പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍, പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്തപ്രതിജ്ഞ, ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പദ്ധതി വഴിയുള്ള മാലിന്യ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തുന്നത്. ഇതുവഴി 15 വാര്‍ഡുകളിലും പ്ലാസ്റ്റിക് ശേഖരണത്തിലും യൂസര്‍ ഫീ കളക്ഷനിലും 100% നേട്ടം  കൈവരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു.

സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി സഹകരിച്ചാണ് പഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ പദ്ധതി നടപ്പാക്കിയത്. നിലവില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ക്യു.ആര്‍ കോഡ് പതിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മാലിന്യം ശേഖരിക്കുന്ന സ്ഥലങ്ങളില്‍ ക്യൂ.ആര്‍ കോഡ് പതിപ്പിച്ച് മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പദ്ധതിയിലൂടെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കഴിയും. കൂടാതെ മാലിന്യശേഖരത്തിന്റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവയും ഇതിലൂടെ അറിയാം.

ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍  വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് എത്തിയാണ്  പ്ലാസ്റ്റിക് മാലിന്യങ്ങള്‍  ശേഖരിക്കുന്നത്. ഓരോ മാസവും മുടങ്ങാതെ മാലിന്യങ്ങള്‍ ശേഖരിക്കും. മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംബരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →