ന്യൂഡൽഹി: ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളെല്ലാം തള്ളി കൊണ്ടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി.
മതേതരത്വം രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരു പോലെ ബാധകമാണെന്നും ഒരു മതവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം മതചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കുന്നത് മതേതരത്വത്തിന് എതിരാണെന്നും കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കൊണ്ട് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി. ക്ലാസ് മുറികളിൽ മതാചാരങ്ങൾ നടപ്പാക്കാൻ കുട്ടികൾക്ക് അവകാശം ഇല്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി.
മതേതര പ്രവർത്തനങ്ങളിൽ മതത്തിന്റെ ഇടപെടൽ അനുവദനീയമല്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിയിൽ വ്യക്തമാക്കി. മതം, പൗരന്റെ സ്വകാര്യമായ കാര്യമാണ്. സർക്കാറിന്റെ മതേതര സ്‌കൂളുകളിൽ സ്ഥാനം ഇല്ല. ക്ലാസ് മുറികളിൽ ഒഴികെ ഇഷ്ടമുള്ള മതത്തിലെ ആചാരങ്ങൾ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കുണ്ട്. എന്നാൽ ക്ലാസ് മുറികളിൽ അതിന് സ്വാതന്ത്ര്യമില്ല. അതിനാൽ തന്നെ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയ കർണാടക സർക്കാർ ഉത്തരവിൽ തെറ്റില്ല.
ഭാവി ഉദ്യമങ്ങൾക്ക് പൗരനെ പരിശീലിപ്പിക്കുന്ന നേഴ്‌സറികളാണ് സ്‌കൂളുകൾ. അവിടെ നിഷ്‌കർഷിക്കുന്ന യൂണിഫോം ധരിക്കാതിരിക്കുന്നതിന് അനുമതി നൽകിയാൽ പിന്നെ എന്ത് അച്ചടക്കമാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സാമ്പത്തികം, മതം, ജാതി എന്നിവ മൂലമുണ്ടാകുന്ന വ്യത്യാസങ്ങൾ തിരിച്ച് അറിയാതിരിക്കാൻ ആണ് യൂണിഫോം നിർബന്ധം ആക്കിയിരിക്കുന്നത്. യൂണിഫോം മതേതര കാഴ്ചപ്പാട് ഉണ്ടാക്കാൻ വേണ്ടി കൂടി ഉള്ളതാണ്. സ്‌കൂളിന് പുറത്ത് വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്കില്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചൂണ്ടിക്കാട്ടി.
ഹിജാബിന്റെ പേരിൽ ഒരു വിദ്യാർഥിക്കും സ്‌കൂളുകളിൽ സർക്കാർ പ്രവേശനം നിഷേധിക്കുന്നില്ല. യൂണിഫോം ധരിക്കുന്നതുകൊണ്ട് സ്‌കൂളിൽ വിദ്യാർത്ഥി എത്തുന്നില്ലെങ്കിൽ അത് അവരുടെ വ്യക്തിപരമായ തീരുമാനം ആണ്. അത് വിദ്യാഭ്യാസം നിഷേധിക്കലായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 19(1) (എ) അനുച്ഛേദ പ്രകാരമുള്ള ആവിഷ്‌കാര സ്വതതന്ത്ര്യത്തിന്റെ പരിധിയിൽ ഹിജാബ് ധരിക്കൽ വരില്ലെന്നും ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി.

