ബീജിങ്ങ്: ചൈനയെ ആശങ്കയിലാക്കി BF.7 എന്നും BA.5.1.7 എന്നും പേര് നൽകിയിട്ടുള്ള രണ്ട് ഒമിക്രോൺ വകഭേദങ്ങൾ കണ്ടെത്തി. ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെ നിരവധി പ്രവിശ്യകളിൽ ഈ രോഗാണുക്കളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. .
2022 ഒക്ടോബർ 16 ഞായറാഴ്ചയാണ് അഞ്ച് വർഷത്തിലൊരിക്കൽ ചേരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. പാർട്ടി കോൺഗ്രസിൽ നിലവിലെ പ്രസിഡൻറ് ഷി ജിങ്ങ് പിങ്ങിന് കൂടുതൽ അധികാരം നൽകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. പാർട്ടി കോൺഗ്രസിന്റെ ദിനങ്ങൾ അടുത്ത് വരുമ്പോൾ രോഗവ്യാപനം കൂടിയ ഓമിക്രോൺ വകഭേദങ്ങൾ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡിനെതിരെ ഇപ്പോഴും ലോക്ഡൗൺ അടക്കമുള്ള കർശനമായ (സീറോ കൊവിഡ്) നിയന്ത്രണങ്ങൾ പിന്തുടരുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നാണ് ചൈന.
ഒക്ടോബർ 1-ന് ആരംഭിച്ച വാർഷിക ദേശീയ അവധിക്കാലത്ത്, നഗരങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നും ജനങ്ങൾ യാത്രപോകുന്നത് സർക്കാർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നിട്ടും പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇതിനിടെയാണ് പുതിയ രോഗവ്യാപനത്തിന് കാരണം പുതിയ ഒമിക്രോൺ വകഭേദങ്ങളാണെന്ന റിപ്പോർട്ടുകൾ വരുന്നത്. വിവിധ പ്രവിശ്യകളിൽ നിന്ന് കണ്ടെത്തിയ ഈ വകഭേദങ്ങൾ വളരെ വേഗം പടരുന്നവയാണെന്ന് വിദഗ്ദർ അറിയിച്ചു.
ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷാവോഗാൻ നഗരത്തിൽ BA.5.1.7 വകഭേദത്തിൻറെ നിരവധി കേസുകൾ കണ്ടെത്തി. BF.7 വകഭേദം ഷാവോഗാൻ, യാന്റായ് നഗരങ്ങളിലാണ് കണ്ടെത്തിയത്. ഏറ്റവും പുതിയ കോവിഡ് -19 രോഗാണുബാധകൾ ഷാവോഗാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. രണ്ട് വകഭേദങ്ങളിലും പകർച്ചവ്യാധിക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇവയ്ക്ക് നേരത്തെ കൈവരിച്ച പ്രതിരോധശേഷിയെ എളുപ്പത്തിൽ മറികടക്കാൻ കഴിയുന്നുണ്ടെന്നും ചൈനീസ് രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രത്തിൻറെ ഡെപ്യൂട്ടി ഡയറക്ടർ ലി ഷുജിയാൻ പറഞ്ഞു. ഒമൈക്രോണിൻറെ BF.7 വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വ്യാപനശേഷി കൂടിയ പ്രധാന ഒമിക്രോൺ വകഭേദമായി മാറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
BF.7 എന്നത് ഒമിക്രോൺ BA.5 ൻറെ ഒരു സഹ വകഭേദമാണ്. ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും BF.7 വകഭേദം വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. രോഗവ്യാപനത്തെ തുടർന്ന് ചൈനയിലെ നിരവധി സ്കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. 36 ചൈനീസ് നഗരങ്ങൾ ലോക്ക്ഡൗണിലാണ്. ഇത് ഏകദേശം 196.9 ദശലക്ഷം ആളുകളെ നേരിട്ട് ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ് ആഴ്ച ഇത് 179.7 ദശലക്ഷമായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. നിരന്തരമുള്ള പരിശോധനയും വിപുലമായ ക്വാറൻറൈനുകളും ലോക്ഡൗണുകളുകളിലൂടെയും കർശനമായ സീറോ കൊവിഡ് നടപടികൾ തുടരുന്ന ലോകത്തിലെ അപൂർവ്വം രാജ്യങ്ങളിലൊന്നാണ് ചൈന.

