ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബർ 16 നു തുടങ്ങാനിരിക്കെ ഷി ചിന്‍പിങ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് സൂചന. പ്രസിഡന്റിന്റെ രണ്ടു ടേം കാലപരിധി 2018 ല്‍ എടുത്തുകളഞ്ഞിരുന്നു.മാവോയ്ക്കു ശേഷമുള്ള ഏറ്റവും ശക്തനായ ചൈനീസ് നേതാവെന്ന വിശേഷിപ്പിക്കപ്പെടുന്ന ഷി ചിന്‍പിങ് (69) ആജീവനാന്തം അധികാരത്തില്‍ തുടരാനുള്ള സാധ്യതയുമേറി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സെന്‍ട്രല്‍ മിലിറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ പദവികളും ഷി തുടര്‍ന്നും വഹിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം ആയേക്കും. അടുത്തവര്‍ഷം നടക്കുന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലാകും പ്രസിഡന്റ് പദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ചൈനീസ് പ്രസിഡന്റ്, ചൈന മിലിറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളാണു ചിന്‍പിങ് വഹിക്കുന്നത്. ടിയാനന്‍മെന്‍ സ്‌ക്വയറിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ് പീപ്പിളില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 2,300 പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 200 പേരെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കും. സെന്‍ട്രല്‍ കമ്മിറ്റി 25 അംഗ പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുക്കും. പോളിറ്റ് ബ്യൂറോ, പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ നിയമിക്കും. ഇതായിരിക്കും പാര്‍ട്ടിയുടെ പരമോന്നത സമിതി. നിലവില്‍ ഷി ചിന്‍പിങ് ഉള്‍പ്പെടെ ഏഴംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് നിലവിലുള്ളത്.

