ന്യൂഡല്‍ഹി: തന്റെ ജാമ്യാപേക്ഷയിന്‍മേലുള്ള വാദം മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരേ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നു നോട്ടീസ് അയച്ചു.
ജാമ്യാപേക്ഷ മറ്റൊരു ജഡ്ജിക്ക് മുമ്പാകെ മാറ്റാനുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചതിനെതിരേയാണ് സത്യേന്ദര്‍ ജെയ്ന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ ആവശ്യത്തെത്തുടര്‍ന്നായിരുന്നു വിചാരണക്കോടതിയുടെ നടപടി.സത്യേന്ദര്‍ ജയിന്റെ സഹായികളുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ ആറിന് ഇ.ഡി. നടത്തിയ റെയ്ഡില്‍ 2.85 കോടി രൂപയും 133 സ്വര്‍ണനാണയങ്ങളും പിടിച്ചെടുത്തിരുന്നു.

