ഗ്യാന്‍വാപി: ശിവലിംഗത്തിന്റെ പഴക്കനിര്‍ണയ ഹര്‍ജിയില്‍ ഒക്ടോബർ 11-ന് വിധി പറയും

വാരാണസി: ആരാധനാത്തര്‍ക്കം നിലനില്‍ക്കുന്ന ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന ‘ശിവലിംഗ’ത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാരാണസി കോടതി ഒക്ടോബർ 11-ന് വിധി പറയും. ശിവലിംഗം കേസിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണോ? ഇക്കാര്യത്തില്‍ ശാസ്ത്രീയപരിശോധനയ്ക്ക് ഉത്തരവിടണോ? എന്നീ കാര്യങ്ങളില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട പരാതിക്കാരികളുടെ അഭിഭാഷകരോടു കോടതി വിശദീകരണം തേടി.

മസ്ജിദ് വളപ്പിലെ ദൃശ്യവും അദൃശ്യവുമായ വിഗ്രഹങ്ങളില്‍ നിത്യാരാധനയ്ക്ക് അനുമതി തേടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ ചൂണ്ടിക്കാട്ടി. മസ്ജിദ് വളപ്പിലെ കുളത്തില്‍ വെള്ളം വറ്റിച്ചപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. അതിനാല്‍ അതും ഹര്‍ജിയില്‍ പറയുന്ന വിഗ്രഹങ്ങളുെട ഭാഗമാണ്.

ശാസ്ത്രീയാേന്വഷണത്തിനു കോടതിക്ക് കമ്മിഷനെ നിയോഗിക്കാവുന്നതാണെന്നും നിയമം ഉദ്ധരിച്ച് അഭിഭാഷകന്‍ പറഞ്ഞു.പരാതിക്കാരുടെ പുതിയ വാദങ്ങള്‍ക്കു മറുപടി നല്‍കാന്‍ 11 വെര സമയം വേണമെന്ന് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്‌ലാഖ് അഹമ്മദ് ആവശ്യപ്പെട്ടു. കേസില്‍ കഴിഞ്ഞമാസം വാദം കേട്ടപ്പോള്‍ ശാസ്ത്രീയപരിശോധനയെ മസ്ജിദ് കമ്മിറ്റി എതിര്‍ത്തിരുന്നു. ശിവലിംഗം എന്ന പേരില്‍ കണ്ടെത്തിയതു കുളത്തിലെ ജലധാരായന്ത്രത്തിന്റെ ഭാഗമാണെന്നായിരുന്നു വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →