അംബാനിക്കും കുടുംബത്തിനും വധഭീഷണി: ബിഹാര്‍ സ്വദേശി പിടിയില്‍

മുംബൈ: മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണിയും ബോംബാക്രമണ ഭീഷണിയും മുഴക്കിയ കേസില്‍ ബിഹാര്‍ സ്വദേശി മുംബൈ പൊലീസിന്റെ പിടിയില്‍. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ മണിഗച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇയാളെ മുംബൈ പൊലീസ് മുംബൈയിലേക്ക് കൊണ്ടുപോയി.പ്രതിയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മുകേഷ് അംബാനിയുടെ സര്‍ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 12.57നാണ് അജ്ഞാത നമ്പറില്‍ നിന്നും ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തെക്കന്‍ മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.റിലയന്‍സ് ആശുപത്രിയിലും മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയിലും ബോംബ് ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷവും ഭീഷണി സന്ദേശം വന്നു. ആന്റിലിയ തകര്‍ക്കുമെന്നും മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവരെ കൊല്ലുമെന്നുമായിരുന്നു രണ്ടാമത്തെ ഭീഷണി സന്ദേശം. സംഭവത്തില്‍ ബിഹാര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച പുലര്‍ച്ചെ പ്രതിയെ പിടികൂടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →