ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി

ദില്ലി: ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ ഫാക്ടിൽ ആശ്രിതനിയമനം നൽകണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ എംആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.

ഫാക്ടിൽ ജീവനക്കാരനായിരുന്ന പിതാവ് സ‍ർവ്വീസിലിരിക്കെ മരണപ്പെട്ടതിനാൽ ആശ്രിത നിയമനം നൽകണം എന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. 1995- ലാണ്ഫാക്ടിൽ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവ് മരണപ്പെടുന്നത്.14 വർഷത്തിനുശേഷം പ്രായപൂർത്തിയായപ്പോഴാണ് മകൾ ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്. ജീവനക്കാരൻ മരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പിൽ ജോലിയുണ്ടായിരുന്നു. ഭാര്യ ജോലിചെയ്യുന്നതിനാൽ, മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധന ഇവരുടെ കാര്യത്തിൽ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌എസിടി ജോലി അപേക്ഷ തള്ളിയത്.

ഇതിനെതിരെയാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹർജി പരിഗണിക്കാൻ കമ്പനിയോട് ഹൈക്കോടതി നിർദ്ദശിച്ചു. ഇതിനെതിരെ ഫാക്‌ട് സുപ്രിംകോടതിയെ സമീപിച്ചു. അപ്പീൽ പരിഗണിച്ച സുപ്രീം കോടതി ആശ്രിത നിയമനത്തിനുള്ള അപേക്ഷ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും വിധി ശരിവെച്ച ഡിവിഷൻ ബെഞ്ചിന്റെയും തീരുമാനത്തിൽ പിഴവുണ്ടെന്ന് വിലയിരുത്തി.

ജീവിതമാർഗം അടഞ്ഞുപോയി പ്രതിസന്ധിയിലാവുന്ന കുടുംബത്തെ സഹായിക്കാൻ മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടാണ് ആശ്രിതനിയമനം നടത്തുന്നതെന്നും അതൊരു അവകാശമായി കണക്കാനാകില്ലെന്നുമുള്ള നിർണായക നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഫാക്ടിന്റെ അപ്പീൽ ശരിവച്ചത്. ആശ്രിതനിയമനവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്നു മറ്റു കേസുകളിലും ഏറെ നി‍ർണായകമായിരിക്കും ഈ ഉത്തരവ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →