കൊച്ചി: അഡ്വക്കറ്റ് ജനറൽ സർക്കാറിന് നൽകുന്ന നിയമോപദേശം വിവരാവകാശ നിയമപ്രകാരം കൈമാറേണ്ടതില്ലെന്ന് ഹൈകോടതി. ലാവലിൻ കേസിൽ സംസ്ഥാന സർക്കാറിന് എ.ജി നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ജനശക്തി ജനറൽ സെക്രട്ടറി എം.എൽ. അഗസ്തിയും, സമ്പത്ത് കസ്റ്റഡി മരണക്കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ എ.ജി നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് തേടി തലശ്ശേരി സ്വദേശി പി. ഷറഫുദ്ദീനും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് രഹസ്യസ്വഭാവത്തിലുള്ളതായതിനാൽ വിവരാവകാശ പരിധിയിൽ വരുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻറെ ഉത്തരവ്.
ലാവലിൻ, പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസുകളിലെ എ.ജിയുടെ നിയമോപദേശത്തിന്റെ പകർപ്പുകൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് ഹൈക്കോതിയുടെ ഉത്തരവ്. പ്രസ്തുത അപേക്ഷകൾ വിവരാവകാശ നിയമ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി എ.ജി ഓഫിസ് നിരസിച്ചിരുന്നു.

