തിരുവനന്തപുരം: വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ അടിയന്തരനടപടി ആരംഭിച്ചതായി കേരള സർവകലാശാല വൈസ്ചാൻസലർ ഗവർണറുടെ സെക്രട്ടറിയെ അറിയിച്ചു. സെർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ മൂന്നു തവണ രാജ്ഭവൻ ആവശ്യപ്പെട്ടിട്ടും സർവകലാശാല നൽകിയിരുന്നില്ല. എന്നാൽ, സെനറ്റ് യോഗം വിളിക്കുന്നതിനുള്ള നോട്ടീസ് അംഗങ്ങൾക്ക് അയച്ചിട്ടില്ല.
ഇതിനെ തുടർന്ന് പ്രതിനിധിയെ ആവശ്യപ്പെട്ട് രാജ്ഭവൻ ആദ്യ കത്ത് നൽകിയ 2022 ജൂൺ 13 മുതൽ ഇതിനായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഗവർണർ വി.സിക്ക് നിർദേശം നൽകി. ഗവർണറുടെ നിർദേശം നടപ്പാക്കാത്തതിന് വി.സിക്കെതിരെ രാജ്ഭവൻ നടപടിയിലേക്ക് നീങ്ങുന്നെന്ന സൂചന വന്നതോടെയാണ് ശനിയാഴ്ച വി.സി കത്ത് നൽകിയത്.
നേരത്തേ 2022 ജൂലൈ 15ന് കൂടിയ സെനറ്റ് തെരഞ്ഞെടുത്ത പ്രതിനിധി പിൻവാങ്ങിയതിനെ തുടർന്ന് ആഗസ്റ്റ് 20ന് ചേർന്ന പ്രത്യേക സെനറ്റ് യോഗം, സെർച് കമ്മിറ്റി ഏകപക്ഷീയമായി രൂപവത്കരിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
ചാൻസലറായ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നതിന് യോഗത്തിൽ അധ്യക്ഷതവഹിച്ച വി.സി അനുമതി നൽകുന്നത് സർവകലാശാല ചരിത്രത്തിലാദ്യമാണ്. മൂന്നാംതവണയും പ്രതിനിധിയെ ആവശ്യപ്പെട്ട് രാജ്ഭവൻ നൽകിയ കത്തിനും നേരത്തേ സെനറ്റ് പാസാക്കിയ പ്രമേയത്തിൽ ഗവർണർ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് സർവകലാശാല നൽകിയിരുന്നത്.
സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത് വി.സിക്കെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്നതിെൻറ സൂചനയാണ്. ഇതിനെ മറികടക്കാനാണ് നടപടികൾ തുടങ്ങിയെന്ന് അറിയിച്ചുള്ള കത്ത് നൽകിയത്.
ഒക്ടോബർ 24നാണ് നിലവിലുള്ള വി.സി ഡോ.വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്. ഗവർണറുടെ നിർദേശം നടപ്പാക്കാത്തതിന് വി.സി ഉത്തരവാദിയാകുെമന്ന് കണ്ടതോടെയാണ് സർവകലാശാലയുടെ പുതിയ നീക്കം. ഒക്ടോബര് 3 തിങ്കളാഴ്ച വൈകീട്ട് ഗവർണർ രാജ്ഭവനിൽ തിരിച്ചെത്തും