കാര്‍ഷികയന്ത്രവത്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷികയന്ത്രവത്കരണ ഉപപദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കാര്‍ഷികയന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവത്കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ട ഗുണഭോക്താക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണനയുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ ഓണ്‍ലൈനായി ഈ പോര്‍ട്ടല്‍ വഴി സെപ്റ്റംബര്‍ 30 മുതല്‍ നല്‍കാം.

കാര്‍ഷിക യന്ത്രോപകരണങ്ങള്‍, വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകള്‍, നെല്ല് കുത്തുന്ന മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍ തുടങ്ങിയവയെല്ലാം പദ്ധതിയിലൂടെ ലഭ്യമാണ്. വ്യക്തികള്‍ക്ക് നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്. അംഗീകൃത കര്‍ഷകകൂട്ടായ്മകള്‍, എഫ്.പി.ഒകള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി പദ്ധതിതുകയുടെ 40 ശതമാനം വരെ ലഭിക്കും. കാര്‍ഷിക യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 10  ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം രൂപ വരെയും ലഭിക്കും.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു മെഷീന്‍വാങ്ങി കഴിഞ്ഞാല്‍ അതാതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ നിന്നും നേരിട്ട് പരിശോധന നടത്തിയശേഷമാണ് സാമ്പത്തിക സഹായം അനുവദിക്കുക. സാമ്പത്തിക സഹായം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാല്‍ പദ്ധതിയുടെ ഒരു ഘട്ടത്തിലും ഗുണഭോക്താവ് സര്‍ക്കാര്‍ ഓഫീസില്‍ വരേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയവുമായോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം 9061833890, 9846834836, 9383470694

Share
അഭിപ്രായം എഴുതാം