ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി സുപ്രീം കോടതി 27/09/2022 ഭരണഘടനാ ബെഞ്ചുകളുടെ വാദം തത്സമയം സംപ്രേക്ഷണം ചെയ്തു. ശിവസേനയുടെ നേതൃത്വം അവകാശപ്പെട്ട് ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു ഇത്.
ഭരണഘടനാ വിഷയങ്ങള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിക്കു മൂന്ന് ബെഞ്ചുകളാണുള്ളത്. ശിവസേനാ കേസ് ഓഗസ്റ്റിലാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ട എട്ട് ചോദ്യങ്ങളിലാണ് ഈ കേസില്‍ വിശാല ബെഞ്ചിന് തീരുമാനമെടുക്കാനുള്ളത്.
അയോഗ്യത, സ്പീക്കറുടെയും ഗവര്‍ണറുടെയും അധികാരം, ജുഡീഷ്യല്‍ അവലോകനം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ സംബന്ധിച്ച സുപ്രധാന ഭരണഘടനാ പ്രശ്‌നങ്ങളാണ് ഹര്‍ജികളില്‍ ഉന്നയിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അംഗങ്ങളുടെ കൂറുമാറ്റം തടയുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണ് പത്താം ഷെഡ്യൂള്‍.
യുട്യൂബ് ഉപയോഗിക്കുന്നതിനു പകരം നടപടിക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതിക്ക് അതിന്റേതായ പ്ലാറ്റ്‌ഫോം ഉടനുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ മാസം 27 മുതല്‍ എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിങ്ങുകളും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടന്ന ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിക്കുകയായിരുന്നു.
2018 സെപ്റ്റംബര്‍ 27-നാണ് ഭരണഘടനാ പ്രാധാന്യമുള്ള വിഷയങ്ങളില്‍ സുപ്രധാന നടപടികള്‍ തത്സമയ സംപ്രേക്ഷണം ചെയ്യണമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടത്. നാലു വര്‍ഷത്തിനിപ്പുറമാണ് ഈ ആശയ സാക്ഷാത്കാരം.

