ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്ക് സമീപഭാവിയില്‍ത്തന്നെ അന്ത്യമാകുമെന്ന പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന. അത്തരമൊരു അവസ്ഥ ഇതുവരെ സംജാതമായിട്ടില്ലെങ്കിലും കൊറോണയുടെ അന്ത്യം ആസന്നമാണ്. വൈറസിന്റെ അവസാനം ദൃശ്യമായിത്തുടങ്ങിയെന്നും ഡബ്ല്യു.എച്ച്.ഒ.ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസ് വ്യക്തമാക്കി.2020-ല്‍ കൊറോണാ വൈറസ്ബാധയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് ലോകാരോഗ്യസംഘടനാ മേധാവിയില്‍ നിന്ന് ഇത്തരമൊരു പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍ പുറത്തുവന്നത്. വൈറസിനെ വരുതിയിലാക്കാമെന്ന ശുഭപ്രതീക്ഷയുണ്ടെങ്കിലും രാജ്യങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ഗെബ്രയേസസ് മുന്നറിയിപ്പു നല്‍കി. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മാരത്തണ്‍ മത്സരത്തോടാണ് ഗെബ്രയേസസ് താരതമ്യം ചെയ്തത്.
ഫിനിഷിങ് ലൈനിന് ഏതാനും വാരയകലെയെത്തിയ ഓട്ടക്കാരന്റെ അവസ്ഥയാണിപ്പോള്‍. കൂടുതല്‍ കരുത്തും വേഗവും ആവാഹിച്ച് മികച്ച പ്രകടനം കാഴ്ചവച്ച് കടമ്പ താണ്ടുകയാകണം ലക്ഷ്യം. ഇതുവരെ ചെയ്ത കഠിനാധ്വാനത്തിന്റെ വിളവെടുപ്പ് എല്ലാ അര്‍ഥത്തിലും ഉറപ്പാക്കുകയും വേണം- അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് ഭീഷണിയൊഴിഞ്ഞിട്ടില്ലെന്നു യൂറോപ്യന്‍ കമ്മിഷന്‍ വക്താവ് അറിയിച്ചു. ഒമിക്രോണ്‍ ബിഎ.4, ബിഎ.5 എന്നിവയുടെ വ്യാപനം മഹാമാരിയൊഴിഞ്ഞിട്ടില്ലെന്നതിനു തെളിവാണ്. യൂറോപ്പില്‍ ഉള്‍പ്പെടെ മഹാമാരിയുടെ വേനല്‍ക്കാലവ്യാപനത്തിനു വഴിവച്ചത് ഈ വകഭേദങ്ങളാണ്. ഇവയെ കരുതിയിരിക്കണമെന്നും കൂടുതല്‍ വകഭേദങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും കമ്മിഷന്‍ വക്താവ് പറഞ്ഞു.

