കൊച്ചി : സോളാർ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്തെന്ന കേസിൽ നിന്നും പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ പുതിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദ്ദേശം. പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയറിയിച്ചാണ് പരാതിക്കാരി ഹൈക്കോടതിയിൽ പരാതി നൽകിയത്. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം നടത്തിയത്. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ആറ് കേസുകൾ രജിസ്റ്റർ ചെയ്ത സിബിഐ ഒരു കേസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സോളാർ കേസിൽ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്തെന്നാണ് പരാതി. ഇതിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ അടൂർ പ്രകാശ് എംപി, മുൻ മന്ത്രി എ.പി.അനിൽകുമാർ,ഹൈബി ഈഡൻ, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു. അടൂർ പ്രകാശിനെ ദില്ലയിലും, അനിൽകുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാർ തട്ടിപ്പു കേസിലെ പ്രതി നൽകിയ പരാതിയിൽ ഇവർക്കെതിരെ ബലാൽസംഗത്തിന് കേസെടുത്തിട്ടുണ്ട്. സോളാർ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ആറു കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഹൈബി ഈഡനെതിരായ കേസ് സിബിഐ തെളിവുകളുടെ അഭാവത്തിൽ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
നാലു വർഷത്തോളം കേരള പൊലീസ് അന്വേഷിച്ചിട്ടും സോളാർ ലൈംഗിക പീഡന പരാതിയിൽ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സർക്കാർ നടപടി അന്ന് വൻ രാഷ്ട്രീയ വിവാദവുമായി. സോളാർ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോൺഗ്രസ് വാദിക്കുന്നത്.