കീവ്: യുക്രൈന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തില്‍ അടിപതറി റഷ്യ. യുദ്ധം ആരംഭിച്ച് ആറു മാസം പിന്നിടുമ്പോഴും കാര്യമായ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത അവസ്ഥയിലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തി. എന്നാല്‍, കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ മേഖലയായ ഖര്‍കീവില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നതോടെ റഷ്യയെ കാത്തിരിക്കുന്നത് പരാജയമാണെന്ന നിഗമനങ്ങളും വ്യാപകമാണ്.
യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രൈനിലേക്ക് പ്രവേശിച്ച ഖാര്‍കീവ് മേഖലയെ മിന്നലാക്രമണങ്ങളിലൂടെ മോചിപ്പിച്ചത് രാജ്യത്ത് ആവേശം പടര്‍ത്തി. കഴിഞ്ഞ ദിവസം മാത്രം 20 ജനവാസകേന്ദ്രങ്ങള്‍ മോചിപ്പിച്ചതായി യുക്രൈന്‍ സേനാ മേധാവി അറിയിച്ചു. യുക്രൈന്‍ മുന്നേറ്റം സമ്മതിച്ച റഷ്യ, സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്ന് പ്രതികരിച്ചു.പിന്നോട്ടില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നും റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് പറഞ്ഞെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരാജയം റഷ്യയെ നടുക്കിയെന്നാണു സൂചന. അസാധാരണ മുന്നേറ്റമാണു യുക്രൈന്റെ വിജയസാധ്യതകള്‍ പ്രവചിക്കുന്ന പ്രധാനഘടകം. രാജ്യത്തിന്റെ തെക്കന്‍ മേഖലയായ ഖേര്‍സനില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 500 ചതുരശ്ര കിലോമീറ്റര്‍ യു്രൈകന്‍ തിരിച്ചുപിടിച്ചു.
മൊത്തം മോചിപ്പിച്ചത് 3,000 ചതുരശ്ര കിലോമീറ്റര്‍. ഏപ്രില്‍ മുതലുള്ള കാലയളവില്‍ റഷ്യ പിടിച്ചെടുത്ത സ്ഥലത്തേക്കാള്‍ കൂടുതലാണിത്.അതേസമയം, യുക്രൈന്റെ അഞ്ചിലൊന്നു പ്രദേശം ഇപ്പോഴും റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണു റിപ്പോര്‍ട്ട്. റഷ്യ മിസൈലാക്രമണവും നടത്തുന്നുണ്ട്. ഇപ്പോഴത്തെ സൈനിക നീക്കങ്ങള്‍ ഒരേസമയം പരമപ്രധാനവും അപകടകരവുമാണെന്ന് സി.ഐ.എ. മുന്‍ മേധാവി ലിയോണ്‍ പനേറ്റ പറഞ്ഞു. ”കൂടുതല്‍ പ്രദേശങ്ങള്‍ യുക്രൈന്‍ തിരിച്ചുപിടിക്കുകയും, പരാജയപ്പെടുകയാണെന്നു തോന്നുകയും ചെയ്താല്‍ റഷ്യ തീവ്രമായി പ്രതികരിച്ചേക്കും.റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ ആണവായുധം ഉള്‍പ്പെടെ പ്രയോഗിക്കാന്‍ സാധ്യതയുണ്ട്. അതു മേഖലയ്ക്കാകെ അപകടകരമാണ്” പനേറ്റ വ്യക്തമാക്കി.

