ലണ്ടന്‍: ഈ മാസം 19 നു നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ റഷ്യ, ബെലാറസ്, മ്യാന്മര് രാജ്യങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍. യുക്രൈന് അധിനിവേശത്തിനുള്ള മറുപടിയെന്ന നിലയിലാണു റഷ്യയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതെന്നു വ്യക്തം. സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രയോഗിച്ച് റഷ്യയെയും സഖ്യകക്ഷിയായ ബെലാറസിനെയും ലോകരാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടനും പാശ്ചാത്യകക്ഷികളും ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. റോഹിംഗ്യന്‍ സമൂഹത്തിനു പിന്തുണ കൊടുക്കുന്ന ബ്രിട്ടന്, മ്യാന്മറിനെയും ഉപരോധത്തിനു വിധേയമാക്കിയിട്ടുണ്ട്.
ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ചടങ്ങില്‍ അഞ്ഞൂറോളം വിദേശ നേതാക്കള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. ബ്രിട്ടനുമായി നയതന്ത്രബന്ധമുള്ള മിക്ക രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാര്ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.യു.എസ്. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില് ബൈഡനും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കളും എത്തുമെന്ന് ഉറപ്പായി. ബ്രിട്ടന്റെ ഏറ്റവും വലിയ നയതന്ത്ര കൂട്ടായ്മയായി ലോകനേതാക്കളുടെ വരവ് മാറുമെന്നാണ് വിലയിരുത്തല്‍.

